മരണകാരണം ശ്വാസതടസം; ശ്വാസകോശത്തിന് പരിക്കേറ്റ് ശ്വാസമെടുക്കാന്‍ സാധിച്ചില്ല; വിദ്യാര്‍ഥികളുടെ കഴുത്തിലും നെഞ്ചിലും പരിക്ക്; കുസാറ്റ് ദുരന്തത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; കുസാറ്റ് ദുരന്തം മൂന്നംഗ സമിതി അന്വേഷിക്കും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി സര്‍വകലാശാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ മരിച്ചത് ശ്വാസതടസം മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശ്വാസകോശത്തിന് പരിക്കേറ്റ് ശ്വാസമെടുക്കാന്‍ സാധിക്കാതെ വന്നു. കൂടാതെ വിദ്യാര്‍ഥികളുടെ കഴുത്തിലും നെഞ്ചിലും പരിക്കേറ്റെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

”മരിച്ച നാലുപേര്‍ ഉള്‍പ്പടെ 60 പേരെയാണ് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നത്. പരിക്കേറ്റ 56 പേരില്‍ നിലവില്‍ 32 പേര്‍ വാര്‍ഡിലും മൂന്നുപേര്‍ ഐസിയുവിലുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആസ്റ്ററില്‍ രണ്ടുപേര്‍ ഐസിയുവിലുണ്ട്. ഇവരുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്. കിന്റര്‍ ആശുപത്രിയില്‍ 18 പേരാണു ചികിത്സ തേടിയത്. ഇതില്‍ 16 പേര്‍ ഡിസ്ചാര്‍ജായി. സണ്‍റൈസ് ആശുപത്രിയില്‍ ചികിത്സ തേടിയ ആള്‍ ഇന്നലെ തന്നെ ഡിസ്ചാര്‍ജായി.”- വീണാ ജോര്‍ജ് പറഞ്ഞു.

ഇന്നലെയാണു നാടിനെ നടുക്കിയ ദാരുണ സംഭവം. വിദ്യാര്‍ഥികളായ അതുല്‍ തമ്പി (21), ആന്‍ റുഫ്ത (21), സാറാ തോമസ് (20) പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

കുസാറ്റിലെ സംഗീത നിശയുടെ വിവരം അറിയിച്ചിട്ടില്ലെന്നും പൊലീസിൻ്റെ അനുമതി വാങ്ങിയിരുന്നില്ല എന്നുമാണ് ഡിസിപി കെ സുദർശൻ പറയുന്നത്. എന്നാൽ, പൊലീസിനോട് കാര്യം വാക്കാൽ പറഞ്ഞിരുന്നു എന്ന് വൈസ് ചാൻസിലർ പിജി ശങ്കരൻ അറിയിക്കുന്നു. ഓദ്യോഗികമായി അറിയിച്ചോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുസാറ്റ് ദുരന്തത്തിൽ സംഘാടന വീഴ്ചയുണ്ടായി എന്ന് വിസി അറിയിച്ചിരുന്നു. സമയക്രമം പാലിച്ച് കുട്ടികളെ കയറ്റി വിടുന്നതിൽ പാളിച്ച സംഭവിച്ചു. അത് തിരക്കിന് വഴിവെച്ചിട്ടുണ്ട്. പ്രതീക്ഷിക്കാത്ത ആൾകൂട്ടം പരിപാടി കാണാനെത്തി. അധ്യാപകർ ഉൾപ്പെടെ സംഘാടക സമിതിയിൽ ഉണ്ടായിരുന്നു. സംഘാടകർ കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നുവെന്നും വീഴ്ച്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷണ റിപ്പോർട്ട്‌ പരിശോധിച്ച ശേഷം പറയാമെന്നും അദ്ദേഹം പ്രതികരിച്ചു.

കുസാറ്റ് ദുരന്തം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പരിശോധിക്കും. ആൾക്കൂട്ട നിയന്ത്രണത്തിൽ വീഴ്ചയുണ്ടായോ എന്നാണ് അന്വേഷിക്കുക. ക്രൗഡ് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റായ അഞ്ജലിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് നിർദേശിച്ചു.

സംഭവം മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. മുന്നൊരുക്കങ്ങളിലെ പാളിച്ച അടക്കം പരിശോധിക്കും. അപകടത്തിന് കാരണമായ വസ്തുതകള്‍ അടക്കം കണ്ടെത്തുന്നതിന് പുറമേ ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കാന്‍ കൂടിയാണ് മൂന്നംഗസമിതിയെ നിയോഗിച്ചതെന്നും മന്ത്രി അറിയിച്ചു. ഭാവിയില്‍ ഇത്തരം പരിപാടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സമിതി തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോളജ് ഇവന്റുകൾ, സംഗീത നിശകൾ പോലുള്ളവയിൽ ആൾക്കൂട്ട നിയന്ത്രണം എങ്ങനെയാകാം എന്നുള്ള കാര്യം റിപ്പോർട്ട് പഠിച്ചതിനു ശേഷം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനിക്കും. നേരത്തെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഓഡിറ്റോറിയങ്ങളുടെ പ്രവര്‍ത്തനത്തില്‍ മാര്‍ഗരേഖ കൊണ്ടുവരുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

കോളജുകളിലെ ഓഡിറ്റോറിയങ്ങള്‍ക്കും ബാധകമാകുന്ന തരത്തിലാണ് മാര്‍ഗരേഖ കൊണ്ടുവരിക. കാമ്പസിലെ പരിപാടികളില്‍ പൊതുമാര്‍ഗനിര്‍ദേശം വരും. സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.