ഇനി സഹിക്കാനാവില്ല, ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഓഫീസറെ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുമായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കൂടാതെ ഐടി നിയമ ലംഘനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുത്താനും പരാതി നല്‍കുന്നതിനുള്ള സഹായം നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. അതിനുശേഷം ഉള്ളടക്കത്തിന്റെ സോഴ്സ് കണ്ടെത്തിയ ശേഷമാണ് നടപടികള്‍ തുടരുക. കൂടാതെ ഇവ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഐടി നിയമങ്ങള്‍ക്കനുസൃതമായി ഏഴ് ദിവസത്തിനുള്ളില്‍ വ്യവസ്ഥകള്‍ രൂപീകരിക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ഐടി നിയമ ലംഘനത്തോട് ഇന്ന് മുതല്‍ യാതൊരുവിധ സഹിഷ്ണുതയും കാണിക്കില്ലെന്നും ഡീപ്പ് ഫേക്കുകള്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ ഒരു ലക്ഷം രൂപ പിഴയും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചലച്ചിത്ര നടിമാരുടെ ഡീപ്പ് ഫേക്ക് വീഡിയോകള്‍ പ്രചരിക്കാൻ തുടങ്ങിയത് ചര്‍ച്ചാ വിഷയമായതോടെയാണ് സര്‍ക്കാര്‍ ഇടപെട്ട് തുടങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ എഐ നിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ച് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്തും അഭിപ്രായം പങ്കുവെച്ചിരുന്നു. എഐയുടെ ദുരുപയോഗത്തില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന അപകടകരമായ സംവിധാനമാണ് എഐ ഡീപ്പ് ഫേക്ക്. മയഥാര്‍ത്ഥമെന്ന് തോന്നും വിധത്തില്‍ അത്യാധുനിക എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിര്‍മിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും ശബ്ദങ്ങളുമാണ് ഡീപ്പ് ഫേക്കുകള്‍ എന്നറിയപ്പെടുന്നത്.
ഒറിജിനലും ഫേക്കും കണ്ടുപിടിക്കാൻ പ്രയാസമാണ്. വ്യക്തിയുടെ മുഖത്തെ സവിശേഷതകള്‍, ഭാവങ്ങള്‍, ശബ്ദ പാറ്റേണുകള്‍, ടാര്‍ഗെറ്റ് ചെയ്ത വ്യക്തിക്ക് പ്രത്യേകമായുള്ള മറ്റ് സവിശേഷതകള്‍ ഉണ്ടെങ്കില്‍ അത് എന്നിവ തിരിച്ചറിയുകയും മാപ്പ് ചെയ്യുകയും ചെയ്യുന്നു. വീഡിയോകളിലോ ചിത്രങ്ങളിലോ മറ്റ് വ്യക്തികളിലേക്കോ ഈ പുനര്‍നിര്‍മ്മിച്ച ഡാറ്റ ചേര്‍ക്കാൻ എഐയ്ക്ക് കഴിയും. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക, വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുക, ആള്‍മാറാട്ടം നടത്തുക തുടങ്ങിയവയ്ക്ക് ഇത് ഉപയോഗിക്കാനാകുമെന്നത് ആശങ്കകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.