ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയം; ഹരിനാരായണൻ 48 മണിക്കൂര്‍ നിരീക്ഷണത്തില്‍; ഹൃദയം മിടിച്ചു തുടങ്ങി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ലിസി ആശുപത്രിയില്‍ നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയമെന്ന് ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം. ഹരിനാരായണനെ ഐസിയുവിലേക്ക് മാറ്റിയതായും 48 മണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രമെ ശസ്ത്രക്രിയ പൂര്‍ണമായി വിജയകരമെന്ന് പറയാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് ഹൃദയം എറണാകുളത്ത് എത്തിക്കുക ഏന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. അവിടെ നിന്ന് 40 മിനിറ്റ് കൊണ്ടാണ് ഹൃദയം കൊച്ചിയില്‍ എത്തിച്ചത്. മന്ത്രി പി രാജീവിന്റെ ഇടപെടലിലൂടെ സര്‍ക്കാര്‍ സൗജന്യമായി ഹെലികോപ്റ്റര്‍ തന്നത് ഏറെ സഹായകമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് അവയവദാനം ഏകദേശം നിലച്ച സാഹചര്യത്തില്‍ ഒരുമാസം മുന്‍പ് ഹരിനാരായണനെ ചെന്നൈയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ലക്ഷക്കണക്കിന് രൂപ നല്‍കി ഹൃദയം മാറ്റിവെക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തിരിച്ചുവരികയായിരുന്നു. അതിനിടെയാണ് ഹൃദയം ലഭിക്കുന്ന സാഹചര്യമുണ്ടായത്. സര്‍ക്കാരിന്റെയും പൊലീസിന്റെയും മാധ്യമങ്ങളും നല്ലതോതില്‍ പിന്തുണച്ചതായും ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് സര്‍ക്കാര്‍ ഹെലികോപ്ടറില്‍ ഹൃദയം കൊച്ചിയിലെത്തിച്ചശേഷം ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. വൈകിട്ട് മൂന്നുമണിയോടെ ശസ്ത്രക്രിയ വിജയകരമായി അവസാനിച്ചു.കിംസ് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഹൃദയം ഇവിടെനിന്നാണ് ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് കൊണ്ടുപോയത്.

ആംബുലന്‍സ് കടന്നുവന്ന വഴിയില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ, ഹരിനാരായണന്റെ സഹോദരനും സമാനമായ രീതിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. കൊച്ചി ബോള്‍ഗാട്ടി ഹെലിപാഡിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങിയത്. ഇവിടെനിന്ന് റോഡ് മാര്‍ഗം ആംബുലന്‍സില്‍ രണ്ടരമിനിറ്റില്‍ ലിസി ആശുപത്രിയില്‍ എത്തിച്ചു. കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു..

തമിഴ്‌നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിനാണ് (36) മസ്തിഷ്‌ക മരണം സംഭവിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവ ദാനം നിര്‍വഹിച്ചത്. ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കണ്ണുകള്‍ എന്നിങ്ങനെയാണ് ദാനം നല്‍കിയത്. അതീവ ദുഃഖത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന സ്റ്റാഫ് നഴ്‌സ് കൂടിയായ ഭാര്യ ഗീതയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദിയറിയിച്ചു.

ഹൃദയം ലിസി ആശുപത്രിയിലേക്കും ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ 2 രോഗികള്‍ക്ക് നല്‍കും.

തമിഴ്‌നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു സെല്‍വിന്‍ ശേഖര്‍. ഭാര്യയും സ്റ്റാഫ് നഴ്‌സാണ്. കടുത്ത തലവേദന വന്നതിനെ തുടര്‍ന്ന് അവിടത്തെ ആശുപത്രിയിലും നവംബര്‍ 21ന് കിംസിലും സെല്‍വിന്‍ ശേഖര്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ചികിത്സകള്‍ തുടരവേ നവംബര്‍ 24ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു. അവയവദാനത്തിന്റെ പ്രാധാന്യമറിയുന്ന ഭാര്യയാണ് അവയവദാനത്തിന് സന്നദ്ധതയറിയിച്ചത്.