
ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്രയെ 188 റണ്‍സിനു ചുരുട്ടിക്കൂട്ടിയ കേരളം 48ആം ഓവറില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കുറിച്ചു. കേരളത്തിനായി അബ്ദുല്‍ ബാസിത്ത് 60 റണ്‍സ് നേടി. ബൗളിംഗില്‍ തൻ്റെ കന്നി മത്സരത്തിനിറങ്ങിയ അഖിൻ സത്താര്‍ 4 വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി സൗരാഷ്ട്രയെ ബാറ്റിംഗിനയച്ച ക്യാപ്റ്റൻ സഞ്ജു സാംസണിൻ്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ബൗളര്‍മാര്‍ നടത്തിയത്. സൗരാഷ്ട്രയുടെ എട്ട് ബാറ്റര്‍മാര്‍ ഒറ്റയക്കത്തിനു പുറത്തായി. ബൗളിംഗ് ഓപ്പണ്‍ ചെയ്ത അഖിനും ബേസില്‍ തമ്ബിയും അഖില്‍ സ്കറിയയും തകര്‍ത്തെറിഞ്ഞപ്പോള്‍ സൗരാഷ്ട്ര ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 65 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
എട്ടാം വിക്കറ്റില്‍ വിശ്വരാജ് ജഡേജയും ക്യാപ്റ്റൻ ജയ്ദേവ് ഉനദ്കട്ടും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം. വിലപ്പെട്ട 69 റണ്‍സിൻ്റെ കൂട്ടുകെട്ടിനൊടുവില്‍ ഉനദ്കട്ട് (37) മടങ്ങി. വാലറ്റത്തെ കൂട്ടുപിടിച്ച് ആക്രമണോത്സുക ബാറ്റിംഗ് കെട്ടഴിച്ച വിശ്വരാജ് ജഡേജ സൗരാഷ്ട്രയെ 200നരികെ എത്തിച്ചു. 50ആം ഓവറിലെ ആദ്യ പന്തില്‍ 98 റണ്‍സെടുത്ത താരം അവസാന വിക്കറ്റായി പുറത്താവുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഖിനൊപ്പം ബേസില്‍ തമ്ബി, ശ്രേയാസ് ഗോപാല്‍ എന്നിവര്‍ 2 വിക്കറ്റ് വീതവും അഖില്‍ സ്കറിയയും എൻപി ബേസിലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.മറുപടി ബാറ്റിംഗില്‍ കേരളത്തിനും മോശം തുടക്കമാണ് ലഭിച്ചത്. വിഷ്ണു വിനോദും രോഹൻ കുന്നുമ്മലും 4 റണ്‍സ് വീതം നേടി പുറത്തായി. മൂന്നാം വിക്കറ്റില്‍ സഞ്ജു സാംസണും സച്ചിൻ ബേബിയും ചേര്‍ന്ന് കേരളത്തെ 52 റണ്‍സ് വരെ എത്തിച്ചു.
16 റണ്‍സ് നേടി സച്ചിൻ ബേബി പുറത്തായി. ഏറെ വൈകാതെ സഞ്ജു സാംസണും (30) പുറത്ത്. 4 വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എന്ന നിലയില്‍ പതറിയ കേരളത്തെ അഞ്ചാം വിക്കറ്റില്‍ അബ്ദുല്‍ ബാസിത്തും അഖില്‍ സ്കറിയയും ചേര്‍ന്ന് കരകയറ്റി. മനോഹരമായി ബാറ്റ് വീശിയ ബാസിത്ത് കേരളത്തെ വിജയത്തിലേക്ക് നയിക്കവെ താരം പുറത്തായി.
ഉടൻ അഖില്‍ സ്കറിയയും (28) മടങ്ങി. ശ്രേയാസ് ഗോപാല്‍ ഒരുവശത്ത് പൊരുതിക്കളിച്ച് കേരളത്തെ രക്ഷിച്ചെടുക്കവെ സിജോമോൻ ജോസഫ് (6) പുറത്തായി. തുടര്‍ന്ന് എട്ടാം വിക്കറ്റില്‍ ശ്രേയാസ് ഗോപാലും (21 നോട്ടൗട്ട്) ബേസില്‍ തമ്ബിയും (8 നോട്ടൗട്ട്) ചേര്‍ന്ന് കേരളത്തെ വിജയത്തിൽ എത്തിച്ചു.



