തെക്കൻ ആൻഡമാൻ കടലിന് മുകളില്‍ രൂപപ്പെടുന്ന ചക്രവാതചുഴി നവംബര്‍ 26ഓടെ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത; നിലവില്‍ ചക്രവാതചുഴിയുള്ളത് തമിഴ്‌നാടിന്റെ ഉള്‍നാടൻ പ്രദേശത്ത്; കേരളത്തില്‍ മഴ അതിശക്തം; മഴകെടുതികള്‍ രൂക്ഷം; പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട്; തിരുവനന്തപുരത്ത് ഓറഞ്ച് ജാഗ്രത; തെക്കൻ കേരളത്തില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍; കല്ലാര്‍ ഡാം തുറന്നു

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തം. കനത്ത മഴയില്‍ തെക്കൻ കേരളത്തില്‍ വ്യാപക നാശനഷ്ടം.

പത്തനംതിട്ടയിലും തിരുവനന്തപുരത്തും മഴക്കെടുതി അതിരൂക്ഷമാണ്. പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ടും, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വ്യാഴാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ചവരെ കനത്തമഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലും മഞ്ഞ മുന്നറിയിപ്പുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തോടുചേര്‍ന്ന തമിഴ്‌നാടിന്റെ ഉള്‍നാടൻ പ്രദേശത്താണ് ഇപ്പോള്‍ ചക്രവാതച്ചുഴിയുള്ളത്. ശനിയാഴ്ചയോടെ അന്തമാൻ സമുദ്രത്തില്‍ ചക്രവാതച്ചുഴി രൂപംകൊള്ളാൻ സാധ്യതയുണ്ട്. ഇത് ന്യൂനമര്‍ദമായി മാറുമെന്നാണ് പ്രവചനം. അങ്ങനെ വന്നാല്‍ മഴ ഇനിയും ശക്തമായി തുടരും.

ഡാമുകള്‍ നിറയുകയാണ്. ഇത് പ്രളയഭീതിയും കൂടുന്നു. കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. ചെറുതോടുകളും ഓടുകളും കവിഞ്ഞ് പലയിടത്തും റോഡിലേക്ക് വെള്ളം കയറുകയും ചെയ്തു. ശബരിമല തീര്‍ത്ഥാടകരേയും മഴ ബാധിച്ചു. ഡാമുകള്‍ തുറക്കേണ്ട സ്ഥിതിയും ഉണ്ട്.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാടിന് മുകളില്‍ കേരളത്തിന് സമീപമായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതാണ് ഇതിന് കാരണം. നവംബര്‍ 25 ഓടെ തെക്കൻ ആൻഡമാൻ കടലിനു മുകളില്‍ രൂപപ്പെടുന്ന ചക്രവാതചുഴി നവംബര്‍ 26 ഓടെ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച്‌ നവംബര്‍ 27 ഓടെ തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും ആൻഡമാൻ കടലിനും മുകളില്‍ തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.

പത്തനംതിട്ട, തിരുവല്ല, കോന്നി മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. ശബരിമലയിലും മഴ തുടരുകയാണ്. പത്തനംതിട്ടയില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും ശക്തമായ മഴയാണിത്. നാരങ്ങാനത്ത് വയോധികയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. എഴുപത്തിയഞ്ച് വയസ്സുകാരിയായ സുധയെയാണ് കാണാതായത്. തിരുവനന്തപുരത്തും മഴ കനക്കുകയാണ്. നഗരത്തില്‍ മുറിഞ്ഞപാലം കോസ്മോ ആശുപത്രിക്ക് സമീപം തോട് കരകവിഞ്ഞൊഴുകി നിരവധി വീടുകളില്‍ വെള്ളം കയറി.

പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ഗൗരീശപട്ടം പാലം പൂര്‍ണമായും മുങ്ങി. തീരദേശമേഖലകളിലും കടലാക്രമണം രൂക്ഷമാണ്.