വാഹന ഉടമ കോടതിയില്‍ പോയി അനുമതി വാങ്ങണം ; വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല; ബസ് ഓടിക്കാൻ കോടതി അനുമതി നല്‍കിയാല്‍ പിന്നെ ആരും ചോദിക്കില്ല; റോബിൻ ബസ് വിവാദത്തില്‍ പ്രതികരിച്ച്‌ ഗണേശ് കുമാര്‍

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: റോബിൻ ബസ് വിവാദത്തില്‍ പ്രതികരിച്ച്‌ മുൻ ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാര്‍ എംഎല്‍എ. വാഹന ഉടമ കോടതിയില്‍ പോയി അനുമതി വാങ്ങണമെന്ന് കെ ബി ഗണേശ്‌കുമാര്‍ പറഞ്ഞു. വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല. ബസ് ഓടിക്കാൻ കോടതി അനുമതി നല്‍കിയാല്‍ പിന്നെ ആരും ചോദിക്കില്ല. നിയമലംഘനം ഉണ്ടായതുകൊണ്ടാണ് തമിഴ്‌നാട്ടിലും ഫൈൻ ഈടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് റോബിൻ ബസ് ഉടമ ഇന്ന് കത്ത് നല്‍കും. ഗാന്ധിപുരംആര്‍ടി ഓഫീസിലെത്തിയാണ് റോബിൻ ബസ് ഉടമ ഗിരീഷ് കത്ത് നല്‍കുക. ഓഫീസ് അവധിയായതിനാല്‍ മോട്ടോര്‍ വെഹിക്കിള്‍ ഡയറക്ടര്‍ എത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്‌നാട് ആര്‍ടിഒ നേരത്തെ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെയാണ് ബസുടമ കത്ത് നല്‍കുന്നത്. പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തത്.

ബസിലെ യാത്രക്കാരെ ഇന്നലെ രാത്രിയോടെ തന്നെ നാട്ടിലേക്ക് എത്തിച്ചിരുന്നു. വാളയാര്‍ അതിര്‍ത്തി വരെ തമിഴ്‌നാട് ആര്‍ടിസി ബസിലും ഇതിന് ശേഷം ബസുടമയും വാഹനം ഏര്‍പ്പാട് ചെയ്തിരുന്നു. ഈ വാഹനത്തിലാണ് യാത്രക്കാരെ പത്തനംതിട്ടയിലെത്തിച്ചത്. 22ന് ചൊവ്വാഴ്ച റോബിൻ ബസ് പെര്‍മിറ്റ് സംബന്ധിച്ച്‌ വിധി വരാനിരിക്കെ കേരള സര്‍ക്കാര്‍ ഒത്താശയോടെനടത്തുന്ന നാടകമാണിതെന്ന് റോബിൻ ബസുടമ പറഞ്ഞു.

അതേസമയം, ആള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളില്‍ നിയമവിരുദ്ധത ഉണ്ടെന്നാരോപിച്ച്‌ കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ദേശസാത്കൃത റൂട്ടിലൂടെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത വാഹനങ്ങള്‍ നിയന്ത്രിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.

ഓള്‍ഇന്ത്യ പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് ദേശീയപാത വഴി സര്‍വീസ് നടത്തുന്ന റോബിൻ ബസ്സിനെ തടയുകയാണ് ഹർജിയുടെ ലക്ഷ്യം. ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത കോണ്‍ട്രാക്‌ട് ക്യാരേജ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജായി ഉപയോഗിക്കുന്നുവെന്നതാണ് നിലവിലുള്ള ആക്ഷേപം.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ നിയമപ്രകാരം അഖിലേന്ത്യാ പെര്‍മിറ്റുമായി പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോബിൻ ബസിന് ബദലായി കെഎസ്‌ആര്‍ടിസി ആരംഭിച്ച ലോ ഫ്ളോര്‍ ബസ് യാത്ര തുടങ്ങിയത് കാലി സീറ്റുകളുമായാണ്.

പുലര്‍ച്ചെ നാലരയ്ക്ക് പത്തനംതിട്ടയില്‍നിന്ന് പുറപ്പെട്ടപ്പോഴാണ് ലോഫ്ളോര്‍ ബസില്‍ യാത്ര ചെയ്യാൻ ആരുമില്ലാതിരുന്നത്. പത്തനംതിട്ടയില്‍നിന്ന് കോയമ്പത്തൂരിലേക്ക് കെഎസ്‌ആര്‍ടിസി ലോഫ്ളോര്‍ ബസിന് ടിക്കറ്റ് നിരക്ക് 569 രൂപയാണ്. എന്നാല്‍ റോബിൻ ബസ് ഈടാക്കുന്നത് 650 രൂപയാണ്.