
നിങ്ങളെന്നെ കേരള കോണ്‍ഗ്രസാക്കി…! ചാണ്ടി ഉമ്മന്റെ പാര്‍ട്ടി മാറ്റി നിയമസഭാ വെബ്‌സൈറ്റ്; ചില അംഗങ്ങള്‍ക്കുമാത്രം ‘ശ്രീ’ വിശേഷണവും; മന്ത്രിമാർ പാർട്ടിയില്ലാവ്യക്തികളും
കൊല്ലം: പുതുപ്പള്ളിയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചുവന്ന ചാണ്ടി ഉമ്മനെ കേരള കോണ്‍ഗ്രസുകാരനാക്കി നിയമസഭാ വെബ്സൈറ്റ്.
www.niyamasabha.nic.in എന്ന പുതിയ ഡൈനാമിക് വെബ്സൈറ്റിലാണ് സഭാംഗങ്ങളെ പരിചയപ്പെടുത്തുന്ന ‘പേജിലെ പ്രൊഫൈല്‍ ബോക്സില്‍ ചാണ്ടി ഉമ്മന്റെ പാര്‍ട്ടി ‘കേരള കോണ്‍ഗ്രസ്’ എന്നു രേഖപ്പെടുത്തിയിരിക്കുന്നത്.
സെപ്റ്റംബര്‍ 11-നു നിയമസഭാംഗമായി ചുമതലയേറ്റെന്ന വിവരം രേഖപ്പെടുത്തിയിട്ടുള്ള സൈറ്റില്‍ എം.എല്‍.എ.യെപ്പറ്റിയുള്ള കൂടുതല്‍വിവരങ്ങളൊന്നും അപ്ഡേറ്റ് ചെയ്തിട്ടില്ല. എന്നാല്‍ ചുരുക്കംചില അംഗങ്ങള്‍ക്കുമാത്രം നല്‍കിയിട്ടുള്ള ‘ശ്രീ’ എന്ന വിശേഷണം ചേര്‍ത്തിട്ടുമുണ്ട്.
‘ശ്രീ’ പദവി നേടിയ മറ്റ് അംഗങ്ങളില്‍ ഒരാളായ മന്ത്രി എം.ബി. രാജേഷ് സൈറ്റില്‍ ‘പാര്‍ട്ടിയില്ലാവ്യക്തി’ ആണ്. മന്ത്രിയുടെയും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെയും പേരിനുനേര്‍ക്കുള്ള പാര്‍ട്ടിക്കോളം ഒഴിച്ചിട്ടിരിക്കയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ സ്പീക്കര്‍ എ.എൻ. ഷംസീര്‍ സി.പി.എം. എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. സൈറ്റ് അപ്ഡേറ്റു ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ആദ്യപേജില്‍ പറയുന്നുണ്ട്.
niyamasabha.org എന്ന പഴയ സൈറ്റ് നിലവിലുണ്ടെങ്കിലും പുതിയ ഡൈനാമിക് സൈറ്റിന്റെ വിലാസം അവിടെ നല്‍കിയിട്ടുണ്ട്. പഴയ സൈറ്റിലെ അംഗങ്ങളുടെ പട്ടികയില്‍ ഉമ്മൻചാണ്ടി, പി.ടി. തോമസ് എന്നീ മരിച്ചുപോയ അംഗങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.