ഗ്രാമീണ ഇന്ത്യയിലെ ആർത്തവകാലം ‘ഷോർട്ട് പിരീഡ് എൻഡ് ഒഫ് സെന്റൻസിന്’ ഓസ്‌കാർ പുരസ്‌കാരം;ഉത്തർ പ്രദേശിലെ ഹാപൂർ ഗ്രാമം ലോകശ്രദ്ധയിലേക്ക്
സ്വന്തം ലേഖകൻ
ലോസ് ആഞ്ചലസ്: ഇന്ത്യയിലെ ആർത്തവകാലത്തെ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഇറാനിയൻ-അമേരിക്കൻ സംവിധായിക റയ്ക സെഹ്റ്റച്ബച്ചി ഒരുക്കിയ ‘ഷോർട്ട് പിരീഡ്. എൻഡ് ഓഫ് സെന്റൻസിന്’ മികച്ച ഡോക്യുമെന്ററ്ിക്കുള്ള ഓസ്‌കാർ പുരസ്‌കാരം. ഈ വർഷത്തെ ഓസ്‌കർ നാമനിർദ്ദേശ പട്ടികയിൽ ഇന്ത്യൻ ബന്ധം ഉള്ള ഏക ചിത്രം കൂടിയാണിത്.
ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലെ സ്ത്രീയുടെ അനുഭവങ്ങളാണ് ഡോക്യുമെന്ററിയുടെ പ്രമേയം. അരുണാചലം മുരുഗാനന്ദൻ എന്ന സംരഭകൻ കണ്ടു പിടിച്ച ചെലവു ചുരുങ്ങിയ രീതിയിൽ സാനിറ്ററി നാപ്കിൻ ഉത്പാദിപ്പിക്കാനുള്ള യന്ത്രം ഈ ഗ്രാമത്തിൽ സ്ഥാപിക്കുന്നതും അതിനു ശേഷം ഗ്രാമത്തിലെ സ്ത്രീകളുടെ അനുഭവങ്ങളുമാണ് ഡോക്യുമെന്ററി ആവിഷ്‌കരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതൊരു ഇന്ത്യൻ ഗ്രാമത്തെയും പോലെത്തന്നെയായിരുന്നു ഹാപൂർ. കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ദി പാഡ് പ്രോജക്ട്’ എന്ന എൻജിഒയാണ് ഹാപൂറിനെ മാറ്റിത്തീർക്കുന്ന ചില നീക്കങ്ങളുമായെത്തിയത്. ആർത്തവകാലത്ത് വസ്ത്രങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്കു വേണ്ടി സ്ത്രീകളെത്തന്നെ രംഗത്തിറക്കാൻ ഇവർക്കായി. ആണുങ്ങൾ ഏറെ സംശത്തോടെയാണ് സ്ത്രീകളുടെ ഇത്തരം നീക്കങ്ങളെ കണ്ടത്. ആർത്തവമെന്ന് ഉച്ചരിക്കുന്നതു പോലും എന്തോ അപരാധമായിക്കാണുന്ന സമൂഹത്തിൽ സ്ത്രീകളുണ്ടാക്കുന്ന ചലനങ്ങളാണ് ഡോക്യുമെൻട്രി ചിത്രീകരിച്ചിരിക്കുന്നത്.
സ്ത്രീകൾ പാഡുകൾ വിൽക്കാൻ ഗ്രാമത്തിലെ ഓരോ വാതിൽക്കലും ചെല്ലുകയാണ്. അകത്തേക്ക് ഓടിമാറുന്ന പുരുഷന്മാരെ ഈ സ്ത്രീകൾ പുറത്തേക്ക് വിളിക്കുന്നു. ‘ഇങ്ങോട്ടു വരൂ, ഞാൻ കടിക്കില്ല’ എന്നാണ് അവരിൽ നിന്നും വരുന്ന വാക്കുകൾ.
അക്ഷയ് കുമാർ നായകനായ പാഡ് മാനിലൂടെ അരുണാചലം മുരുഗാനന്ദന്റെ കഥ മുമ്പ് സിനിമയായിരുന്നു. ലഞ്ച് ബോക്സ് നിർമ്മിച്ച ഗുനീത് മോംഗയാണ് ചിത്രത്തിന്റെ സഹ നിർമാതാവ്.