സംസ്ഥാനത്ത് അവസാനത്തെ വധശിക്ഷ നടപ്പാക്കിയത് 1991ല്‍; കേരളത്തില്‍ ഇതുവരെ തൂക്കിലേറ്റിയത് 26 പേരെ
സ്വന്തം ലേഖകൻ
കൊച്ചി: കേരളം രൂപീകരിക്കപ്പെട്ട ശേഷം ഇതുവരെ സംസ്ഥാനത്ത് തൂക്കിലേറ്റിയത് 26 പേരെ. ആലുവ ബലാത്സംഗ കൊല കേസില്‍ ഇന്നലെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അസഫാക് ആലം അടക്കം 21 പേരാണ് നിലവില്‍ സംസ്ഥാനത്തെ ജയിലുകളില്‍ തൂക്കുമരം കാത്തുകിടക്കുന്നത്.
സീരിയല്‍ കൊലയാളി റിപ്പര്‍ ചന്ദ്രനെയാണ് കേരളത്തില്‍ അവസാനം വധശിക്ഷയ്ക്കു വിധേയമാക്കിയത്. 1991ല്‍ കണ്ണൂര്‍ ജയിലിലാണ് ചന്ദ്രന്റെ വധശിക്ഷ നടപ്പാക്കിയത്. കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലാണ് വധശിക്ഷ നടപ്പാക്കാനുള്ള സംവിധാനങ്ങളുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂജപ്പുരയില്‍ അവസാനത്തെ വധശിക്ഷ നടപ്പാക്കിയത് 1978ലാണ്. പിഞ്ചുകുഞ്ഞിനെ മന്ത്രവാദത്തിനായി കൊലപ്പെടുത്തിയ ബാലരാമപുരം സ്വദേശി അഴകേശനെയാണ് പൂജപ്പുരയില്‍ തൂക്കിലേറ്റിയത്.
ഈ വര്‍ഷം വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന രണ്ടാമത്തെയാളാണ് അസഫാക് ആലം. പഴയിടം കൊലക്കേസിലെ അരുണ്‍ ശശിയെ വിചാരണക്കോടതി തൂക്കിലിടാന്‍ വിധിച്ചിരുന്നു.
വിചാരണക്കോടതി വിധിക്കുന്ന വധശിക്ഷ ഹൈക്കോടതി ശരിവയ്ക്കേണ്ടതുണ്ട്. ഹൈക്കോടതി ശരിവച്ചാല്‍ തന്നെ പ്രതിക്കു സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാം. അതിനു ശേഷം രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കുന്നതിനും അവസരമുണ്ട്.