video
play-sharp-fill

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കു കൈകോർക്കാൻ ആപ്ദാമിത്രയെ അറിയാന്‍ വന്‍ തിരക്ക്

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കു കൈകോർക്കാൻ ആപ്ദാമിത്രയെ അറിയാന്‍ വന്‍ തിരക്ക്

Spread the love

സ്വന്തംലേഖകൻ

കോട്ടയം : പ്രളയകാലത്തെ അതിജീവിക്കാന്‍ ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ട
ആപ്ദാമിത്ര പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന സ്റ്റാളില്‍ വന്‍ തിരക്ക്. രക്ഷാപ്രവര്‍ത്തനരീതികളുടെ പ്രദര്‍ശനം സ്റ്റാളില്‍ ക്രമീകരിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന് ശാസ്ത്രീയമായി പരിശീലനം ലഭിച്ച വോളണ്ടിയര്‍മാരുടെ ഗ്രൂപ്പാണ് ആപ്താ മിത്ര. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കേരള ഫയര്‍ ആൻഡ് റെസ്‌ക്യു വകുപ്പും കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 18 നും 40നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും ആപ്ദാ മിത്ര വോളണ്ടിയറാകാന്‍ കഴിയും. ഫയര്‍ഫോഴ്‌സിന്റ ജില്ലാ ഓഫീസില്‍ ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും മെഡിക്കല്‍ ചെക്കപ്പ് പാസാകുന്നവരെ ട്രെയിനിംഗിനായി തെരഞ്ഞെടുക്കും. വിയ്യൂരിലുളള ഫയര്‍ അക്കാദമിയില്‍ സ്‌റ്റൈപന്റ്റോടു കൂടി 12 ദിവസത്തെ ട്രെയിനിംഗ് നല്‍കും. ദേശീയ ദുരന്തനിവാരണ സേനയുടെ ട്രെയിനിംഗ് ലഭിച്ച കേരള ഫയര്‍ഫോഴ്‌സിലെ ഉദ്യോഗസ്ഥരാണ് ട്രെയിനിംഗ് നല്‍കുന്നത് കേരളത്തില്‍ സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍ക്കുള്ള ആദ്യ ചുവടുവെയ്പു കൂടിയാണ്. സ്രാങ്ക് പരീക്ഷയ്ക്ക് വേണ്ടി മാത്രമാണ് സാധാരണയായി ബോട്ട് ഡ്രൈവിംഗ് പഠിക്കാറുള്ളത്. ട്രെയിനിംഗിന്റെ ഭാഗമായി ബോട്ട് ഓടിക്കാനും പഠിപ്പിക്കുന്നുണ്ട്. ജലസ്രോതസുകളില്‍ നിന്നുള്ള രക്ഷപെടുത്തല്‍, ബോട്ടില്‍ തീപിടുത്തമുണ്ടായാല്‍ എന്തു ചെയ്യണം, പ്രളയ ജലത്തിന്റെ സ്വഭാവം, ലൈഫ് ബോട്ട് – ജാക്കറ്റ് പ്രവര്‍ത്തന തത്വം, കയര്‍ കുരുക്കുകള്‍ ഇടുന്ന വിധം, മൃതശരീരം മറവു ചെയ്യുന്ന വിധം, രക്ഷാപ്രവര്‍ത്തനത്തിന് സംസാരിക്കുന്ന കോഡ് വാക്കുകള്‍, കയര്‍ – മുള- ലാത്തി എന്നിവ കൊണ്ടുള്ള  താല്‍ക്കാലിക പാലങ്ങളുടെ നിര്‍മ്മാണം, കുറ്റികളും കൊളുത്തുകളും ഉറപ്പിക്കല്‍, വയര്‍ലെസ് ടെക്‌നോളജി എന്നിങ്ങനെയുള്ള വിഷയങ്ങളാണ് ട്രെയിനിംഗ് കാലയളവില്‍ പഠിപ്പിക്കുന്നത്. വെള്ളപ്പൊക്ക സാധ്യതയുള്ള രാജ്യത്തെ 25 സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 30 ജില്ലകളിലാണ് ആപ്ദാമിത്ര വോളണ്ടിയര്‍മാരെ നിയമിക്കുന്നത്. കേരളത്തില്‍ ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരേ ഒരു ജില്ലയാണ് കോട്ടയം. ഒരു ഗ്രൂപ്പില്‍ 200 പേരാണുള്ളത്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തുന്നതിന് മുന്‍പെ പരിസരവാസികള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും.ഈ സാധ്യത കണക്കിലെടുത്താണ് വോളണ്ടിയര്‍മാരെ തെരഞ്ഞെടുത്ത് ട്രെയിനിംഗ് നല്‍കുന്നത്.