play-sharp-fill
മെസി മിന്നിക്കത്തി: പിന്നിൽ നിന്ന ബാഴ്‌സയെ മുന്നിലെത്തിച്ച് ഹാട്രിക്ക് മെസി

മെസി മിന്നിക്കത്തി: പിന്നിൽ നിന്ന ബാഴ്‌സയെ മുന്നിലെത്തിച്ച് ഹാട്രിക്ക് മെസി

സ്വന്തം ലേഖകൻ

ന്യൂക്യാമ്പ്: പിന്നിൽ നിന്ന ബാഴ്‌സയെ അൻപതാം ഹാട്രിക്കിലൂടെ മുന്നിലെത്തിച്ച് മെസി മിന്നിക്കത്തിയ മത്സരത്തിൽ ബാഴ്‌സയ്ക്ക് ഉജ്വല വിജയം.
രണ്ട് തവണ പിന്നിൽ നിന്ന മത്സരത്തിൽ 4-2 നാണ് ബാഴ്‌സ ജയം പിടിച്ചെടുത്തത്. സൂപ്പർ താരം ലയണൽ മെസിയുടെ തകർപ്പൻ ഹാട്രിക്കാണ് ബാഴ്‌സയെ ത്രില്ലിംഗ് ജയത്തിലേക്ക് നയിച്ചത്. ഹാട്രിക്കിന് പുറമേ ലൂയി സുവാരസിന്റെ ഗോളിന് വഴിയുമൊരുക്കിയ മെസി ടീം നേടിയ 4 ഗോളുകളിലും പങ്കാളിയുമായി.

സെവിയ്യയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇരുപത്തിരണ്ടാം മിനുറ്റിൽ ആതിഥേയർ ലീഡെടുത്തു. ജീസസ് നവാസായിരുന്നു ഗോൾസ്‌കോറർ. നാല് മിനുറ്റുകൾക്കുള്ളിൽ ലയണൽ മെസിയിലൂടെ ബാഴ്‌സ തിരിച്ചടിച്ചു. എന്നാൽ ആദ്യ പകുതി തീരാൻ മൂന്ന് മിനുറ്റ് മാത്രം ശേഷിക്കേ മെർക്കാഡോയുടെ ഗോളിൽ സെവിയ്യ വീണ്ടും മുന്നിലെത്തുകയായിരുന്നു. ബാഴ്‌സ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങുമോ എന്ന് ആരാധകർ ഭയപ്പെട്ടിരുന്നപ്പോളാണ് ലയണൽ മെസി ഇടിമിന്നലായത്. 67, 85 മിനുറ്റുകളിൽ നേടിയ ഗോളുകളിലൂടെ ടീമിന് ലീഡും തന്റെ ഹാട്രിക്കും നേടിയ മെസി, ഇഞ്ചുറിസമയത്തെ ലൂയി സുവാരസിന്റെ ഗോളിന് വഴിയുമൊരുക്കി സെവിയ്യയുടെ മേൽ അവസാന ആണിയും അടിക്കുകയായിരുന്നു.
ഇതോടെ പോയിന്റ് പട്ടികയിൽ അനിഷേധ്യസാന്നിധ്യം ഉറപ്പിച്ച് ഒന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ബാഴ്‌സ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group