
സ്വന്തം ലേഖകൻ
കാഴ്ചാസംബന്ധമായ പ്രശ്നങ്ങള്‍, അതുപോലെ കണ്ണിന്‍റെ ‘നോര്‍മല്‍’ അവസ്ഥകളില്‍ നിന്ന് വ്യത്യസ്തമായ മാറ്റങ്ങളെല്ലാം കാണുന്നത് അധികവും കണ്ണിനെ ബാധിക്കുന്ന ഏതെങ്കിലും രോഗങ്ങളുടെ തന്നെ ലക്ഷണമായിട്ടാകാം.
നേത്രരോഗങ്ങള്‍ മാത്രമല്ല കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. നമുക്കറിയാത്ത- എന്നാല്‍ നമ്മളെല്ലാം അറിയേണ്ട, ശ്രദ്ധിക്കേണ്ട ചില ഘടകങ്ങളും കണ്ണുകളെ ബാധിക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിവായി സ്ട്രെസ് അനുഭവിക്കുന്നവരില്‍ ക്രമേണ കാഴ്ചാസംബന്ധമായ പ്രശ്നങ്ങളടക്കം കണ്ണുകളെ ബാധിക്കുന്ന പല പ്രശ്നങ്ങളും കാണാമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. സ്ട്രെസ് ആരോഗ്യത്തിന് എപ്പോഴും കനത്ത തിരിച്ചടികള്‍ നല്‍കുന്നൊരു സംഗതിയാണ്. അത് ശരീരത്തെ പല രീതിയില്‍ ബാധിക്കാം.
നമ്മുടെ ശരീരത്തിലെ രക്തയോട്ടം, പേശികള്‍ എല്ലാത്തിനെയും സ്ട്രെസ് ബാധിക്കുന്നുണ്ട്. സ്ട്രെസ് കണ്ണുകളിലുണ്ടാക്കുന്ന ചില പ്രശ്നങ്ങള്‍ കൂടി അറിയൂ…
ഒന്ന്…
ഡ്രൈ ഐസ് അഥവാ കണ്ണുകളില്‍ നീര്‍ വറ്റി കണ്ണ് വരണ്ടുപോകുന്ന അവസ്ഥ. സ്ട്രെസ് നമ്മുടെ നാഡീവ്യവസ്ഥയെ ബാധിക്കുന്നതിന്‍റെ ഭാഗമായാണ് ഡ്രൈ ഐസ് ഉണ്ടാകുന്നത്.
രണ്ട്…
കാഴ്ച മങ്ങുന്നതാണ് സ്ട്രെസ് കണ്ണുകളിലുണ്ടാക്കുന്ന മറ്റൊരു പ്രശ്നം. സ്ട്രെസ് പേശികളെ ബാധിക്കുന്നതിന്‍റെ ഭാഗമായാണ് കാഴ്ച മങ്ങുന്ന അവസ്ഥയും ഉണ്ടാകുന്നത്. എന്നാലിത് താല്‍ക്കാലികമായ പ്രശ്നമാണ്. സ്ട്രെസ് കൂടുമ്പോള്‍ പ്രത്യേകിച്ചും കാഴ്ച മങ്ങുന്നൊരു അവസ്ഥ.
മൂന്ന്…
കണ്ണ് തുടര്‍ച്ചയായി തുടിക്കുന്നത് അല്ലെങ്കില്‍ വിറയ്ക്കുന്നതും സ്ട്രെസിന്‍റെ ഭാഗമായാകാം. കാരണം സ്ട്രെസ് നാഡികളെ ബാധിക്കുന്നതിന്‍റെ ഭാഗമായാണ് ഇങ്ങനെ അനിയന്ത്രിതമായ രീതിയില്‍ കണ്ണ് തുടിച്ചുകൊണ്ടിരിക്കുക.
നിങ്ങള്‍ ചെയ്യേണ്ടത്…
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്ട്രെസ് ആണ് കാരണമെന്ന് സ്വയം വിലയിരുത്തരുത്. കണ്ണുകളെ ബാധിക്കുന്ന – ദിവസങ്ങളായി നീണ്ടുനില്‍ക്കുന്ന ഏത് പ്രശ്നവും ഡോക്ടറെ കാണിച്ച ശേഷം മാത്രം എന്താണ് എന്ന നിഗമനത്തിലെത്തുക.
സ്ട്രെസ് ആണ് കാരണമെങ്കില്‍ ഡോക്ടര്‍ ഇക്കാര്യം വ്യക്തമായി പറയും. അങ്ങനെ വരുമ്പോള്‍ സ്ട്രെസ് കുറയ്ക്കാനോ കൈകാര്യം ചെയ്യാനോ ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.