
സ്വന്തം ലേഖിക
ചിറയൻകീഴ്: പെരുമാതുറ മുതലപ്പൊഴി ബീച്ചില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ അയല്‍വാസികളായ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പെരുമാതുറ വലിയവിളാകത്ത് വീട്ടില്‍ അൻവറിനാണ് (16) പരിക്കേറ്റത്. കഴുത്തില്‍ കുത്തേറ്റ അൻവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ 10ാം ക്ലാസ് വിദ്യാര്‍ത്ഥിക്കായി പൊലീസ് അന്വേഷണം തുടങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. തര്‍ക്കത്തിനിടെ സമീപത്ത് കിടന്ന ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് പ്രതി അൻവറിന്റെ കഴുത്തില്‍ രണ്ടുതവണ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അൻവറിനെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. കഠിനംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം കടയ്‌ക്കാവൂരില്‍ ഗൂണ്ടാ ലിസ്റ്റില്‍പ്പെട്ട നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കടയ്ക്കാവൂര്‍ പൊലീസ് പിടികൂടി. ചിറയിൻകീഴ് മേല്‍ കടയ്ക്കാവൂര്‍ പഴഞ്ചിറ പറകുന്ന് വീട്ടില്‍ അബിൻ കുമാര്‍ എന്ന കൊച്ചമ്പുവാണ്(26) അറസ്റ്റിലായത്.
പറകുന്ന് കോളനിയിലുള്ള യുവജന കേന്ദ്രത്തിന്റെ വാതിലും ഉപകരണങ്ങളും അടിച്ചുതകര്‍ക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ബിയര്‍ കുപ്പി പൊട്ടിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം രക്ഷപ്പെട്ട ഇയാളെ കടയ്ക്കാവൂര്‍ സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്.
19ന് രാത്രി 8ന് നടന്ന സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11ഓടെ ഡ്രസും ബാഗുമെടുത്ത് തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുന്നതിനായി വീട്ടിലെത്തിയപ്പോള്‍ വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.
കടയ്ക്കാവൂര്‍,അഞ്ചുതെങ്ങ് സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍,സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം,അടിപിടി,പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപദ്രവിച്ച കേസ്,മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ നിരവധി കേസുകളില്‍ അബിൻ കുമാര്‍ പ്രതിയാണ്. ഈ കേസുകളില്‍ നിരവധി തവണ ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഓരോ തവണയും ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് പതിവാണ്. സര്‍ക്കാര്‍ വസ്തുവകകള്‍ കൈയേറി നശിപ്പിച്ചതിനാണ് ഇപ്പോള്‍ അറസ്റ്റുചെയ്തത്.