
സ്വന്തം ലേഖിക
തിരുവനന്തപുരം: മലബാര്‍ എക്സ്പ്രസില്‍ മോഷണം നടത്തിയ ശേഷം ശുചിമുറിയില്‍ ഒളിച്ച ട്രെയിനിലെ സ്ഥിരം മോഷ്ടാക്കളെ വാതില്‍ പൊളിച്ച് പിടികൂടി.
രണ്ട് പേരാണ് പിടിയിലായത്. മലബാര്‍ എക്സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോഴാണ് ഇരുവരെയും പിടികൂടിയത്. കൊച്ചി കല്‍വത്തി സ്വദേശി തൻസീര്‍(19), കൊച്ചി മട്ടാഞ്ചേരി സ്വദേശി പ്രശാന്ത് എന്നിവരാണ് പിടിയിലായത്. സ്ലീപ്പര്‍, എസി കോച്ച് യാത്രക്കാരായ രണ്ട് പേരുടെ മൊബൈല്‍ ഫോണ്‍, പഴ്സ് എന്നിവ മോഷ്ടിച്ച പ്രതികള്‍ ടിടിഇയുടെ ലോക്ക് ചെയ്ത ബാഗ് പൊട്ടിക്കാനും ശ്രമിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ തൃശ്ശൂരില്‍ മലബാര്‍ എക്സ്പ്രസില്‍ വച്ചാണ് സംഭവം. തൃശ്ശൂരില്‍ നിന്നും കണ്ണൂര്‍ വരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കണ്ണൂര്‍ റെയിവേ പൊലീസ് ഓഫീസര്‍മാരായ സുരേഷ് കക്കറ , മഹേഷ് എന്നിവര്‍ ചേര്‍ന്നാണ് മോഷ്ടാക്കളെ പിടികൂടിയത്. ട്രെയിനില്‍ എസ് 4 കോച്ചില്‍ കൊല്ലത്തു നിന്നും കോഴിക്കോടേക്ക് യാത്ര ചെയ്യുകയായിരുന്ന BDDS വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോൺ മോഷണം പോയെന്ന് പരാതി ഉയര്‍ന്നിരുന്നു.
കൂടാതെ ഡ്യൂട്ടിയിലുണ്ടായ ടിടിഇയുടെ ലോക്ക് ചെയ്ത ബാഗ് പൊട്ടിച്ചെടുത്തു കൊണ്ടുപോകാനും ശ്രമിച്ചു. ഇതേ ട്രെയിനില്‍ എ1 കോച്ചില്‍ കോഴിക്കോടേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന്റെ പേഴ്സ് മോഷ്ടിച്ചു. മോഷ്ടാക്കള്‍ ട്രെയിനില്‍ തന്നെ ഉണ്ടെന്നും ട്രെയിൻ ഷോര്‍ണൂറില്‍ എത്തിയാല്‍ ഇറങ്ങിപ്പോകാൻ സാധ്യതയുണ്ടെന്നും മനസിലായതോടെ ട്രെയിനില്‍ മുഴുവൻ അരിച്ചുപെറുക്കി. അങ്ങനെ പൊലീസുകാര്‍ വരുന്നത് കണ്ട പ്രതികള്‍ എച്ച്എ 1 കോച്ചിന്റെ ശുചിമുറിയില്‍ ഒളിച്ചു.
വാതില്‍ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും മോഷ്ടാക്കള്‍ തുറന്നില്ല. ട്രെയിൻ ഷോര്‍ണൂരില്‍ എത്തിയപ്പോള്‍ വാതില്‍ പൊളിച്ച് പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ട്രെയിനിനുള്ളില്‍ തന്നെ നശിപ്പിച്ച് ക്ലോസറ്റില്‍ നിക്ഷേപിച്ചെന്ന് മോഷ്ടാക്കള്‍ സമ്മതിച്ചു.
കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിരവധി എൻഡിപിഎസ് കേസുകളില്‍ ഇവര്‍ പ്രതികളാണെന്നും, തൻസീര്‍ കോഴിക്കോട് ബീവറേജ് കുത്തിത്തുറന്ന കേസിലെ പ്രതിയാണെന്നും മനസ്സിലായി. ട്രെയിനില്‍ ഒരു മോഷണ പരമ്പര തന്നെ സൃഷ്ടിച്ച പ്രതികളെ യഥാസമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലുകള്‍ കൊണ്ടാണ് കണ്ടെത്താൻ സാധിച്ചത്.



