
സ്വന്തം ലേഖകൻ
മുണ്ടക്കയം: കുഴിമാവിൽ തലയ്ക്കടിയേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മദ്യപിച്ച് ഉപദ്രവിക്കാൻ ശ്രമിച്ച മകനെ കോടാലിക്ക് തലയ്ക്കടിച്ചു കൊന്നത് കാൻസർ രോഗി കൂടിയായ സ്വന്തം അമ്മ തന്നെയാണ്.
കുഴിമാവ് 116 ഭാഗത്ത് തോപ്പില്‍ ദാമോദരന്റെ മകന്‍ അനുദേവന്‍ (45) ആണ് മരിച്ചത്. സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന മകനെ 68കാരിയായ മാതാവ് കോടാലി കൊണ്ടടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാതാവ് സാവിത്രിയെ (68) മുണ്ടക്കയം പൊലീസ് കസ്റ്റഡിയിലെടുത്തു

Whatsapp Group 1 | Whatsapp Group 2 |Telegram Group
രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തലയില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ അനുവിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വീണു പരുക്കേറ്റതാണെന്നാണ് ഒപ്പം ഉണ്ടായിരുന്ന അമ്മ ആശുപത്രിയിൽ പറഞ്ഞത്. തിങ്കളാഴ്ച രാവിലെ അനുവിന്റെ മരണം സംഭവിച്ചു. തുടര്‍ന്ന്, മരണത്തില്‍ ദുരൂഹതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
ഇതോടെ സാവിത്രിയെ എസ്എച്ച്ഒ ഷൈൻകുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. സ്ഥിരം മദ്യപിച്ച് എത്തി മകൻ തന്നെ ഉപദ്രവിച്ചിരുന്നു എന്നും വെള്ളിയാഴ്ച മദ്യലഹരിയില്‍ എത്തി ഉപദ്രവിച്ചപ്പോള്‍ കോടാലി കൊണ്ട് തലയ്ക്കടിച്ചു എന്നും സാവിത്രി കുറ്റസമ്മതം നടത്തി. സാവിത്രിയെ മുണ്ടക്കയം പൊലീസ് ഇന്നലെ വൈകിട്ടോടെ കസ്റ്റഡിയിലെടുത്തു. മരിച്ച അനു ദേവിന്റെ സംസ്കാരം ഇന്ന് നടക്കും



