ഒന്നരവര്‍ഷം മുൻപ് ഭാര്യ മരിച്ചു; പിതാവിന്റെ ഒറ്റപ്പെട്ട ജീവിതത്തിന് തണലൊരുക്കി മക്കള്‍; ബന്ധുക്കളുടെ ആശീര്‍വാദത്തോടെ പിതാവിന് വീണ്ടുമൊരു വിവാഹം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവല്ല : പിതാവിന് തണലൊരുക്കാൻ മക്കളുടെയും ബന്ധുക്കളുടെയും ആശീര്‍വാദത്തോടെ വിവാഹം. കുറ്റൂര്‍ പൊട്ടൻമല രഞ്ചുഭവനില്‍ 62 വയസുള്ള രാധാകൃഷ്ണക്കുറുപ്പ് അടൂര്‍ എനാദിമംഗലം സ്വദേശി മല്ലികകുമാരി (60) ക്ക് താലിച്ചാര്‍ത്തി.

കഴിഞ്ഞ വെള്ളിയാഴ്ച കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിലായിരുന്നു വിവാഹം. മൂന്ന് പതിറ്റാണ്ടായി ഏറങ്കാവ് ക്ഷേത്രത്തിന് സമീപം സ്റ്റേഷനറി കട നടത്തുകയാണ് രാധാകൃഷ്ണക്കുറുപ്പ്. ഒന്നരവര്‍ഷം മുമ്ബാണ് രാധാകൃഷ്ണക്കുറുപ്പിന്റെ ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മല്ലികകുമാരിയുടെ ഭര്‍ത്താവ് അഞ്ചുവര്‍ഷം മുമ്ബ് മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കളില്ലാത്തതിനാല്‍ മല്ലിക വീട്ടില്‍ തനിച്ചായിരുന്നു താമസം. രശ്മി,രഞ്ജു, രഞ്ജിത്ത് എന്നീ മക്കളുണ്ട് രാധാകൃഷ്ണക്കുറുപ്പിന്. പെണ്മക്കള്‍ രണ്ടുപേരും വിവാഹിതരാണ്. മകൻ രഞ്ജിത്ത് കൊല്ലത്ത് ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നു. കൂട്ടിന് ആളില്ലാതായതോടെ രാധാകൃഷ്ണക്കുറുപ്പിന്റെ ജീവിതം ഒറ്റപ്പെട്ടതായി.

ഭര്‍ത്താവുമൊത്ത് വിദേശത്തുള്ള ഇളയമകള്‍ രഞ്ജു രണ്ടുമാസം മുമ്ബ് നാട്ടിലെത്തി. അപ്പോഴാണ് പിതാവിന്റെ ഒറ്റപ്പെട്ട ജീവിതത്തിലെ കഷ്ടപ്പാടുകള്‍ അറിയുന്നത്. അടുത്തയാഴ്ച വിദേശത്തേക്ക് പോകേണ്ടതിനാല്‍ രഞ്ജു, അച്ഛന്റെയും സഹോദരങ്ങളുടെയും സമ്മതത്തോടെ വിവാഹാലോചന ആരംഭിച്ചു.

അങ്ങനെയാണ് മാട്രിമോണി വഴി മല്ലികാകുമാരിയുടെ നമ്ബര്‍ ലഭിക്കുന്നത്. പുനര്‍വിവാഹ കാര്യത്തില്‍ മല്ലികയുടെ ബന്ധുക്കളും പൂര്‍ണസമ്മതം അറിയിച്ചതോടെ കാര്യങ്ങള്‍ വേഗത്തിലായി. അടുത്ത ബന്ധുക്കളായ അമ്ബതോളം പേരെ സാക്ഷിയാക്കി രാധാകൃഷ്ണക്കുറുപ്പ് മല്ലികയുടെ കഴുത്തില്‍ താലി ചാര്‍ത്തി. പരസ്പരം തുണയാകാൻ കഴിയുമെന്ന ഉറച്ചവിശ്വാസത്തിലാണ് നവദമ്ബതികള്‍.