
സ്വന്തം ലേഖകൻ
കൊട്ടിയം: കൊട്ടിയത്ത് കടത്തിണ്ണയില്‍ അന്തിയുറങ്ങിയ കൈകാലുകളില്ലാത്ത വയോധിക നേരിട്ടത് അതിക്രൂരമായ പീഡനം.
അംഗപരിമതയായ വയോധികയെ യുവാവ് ഉപദ്രവിക്കുന്നതിന്റെ ക്രൂരമായ ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ സിസിടിവിയില്‍ നിന്നും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരെ കൊല്ലം വിക്ടോറിയ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. വ്യാഴാഴ്ച രാത്രി ഒന്നരയോടെയായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച, മുപ്പതു വയസ്സ് തോന്നിക്കുന്നയാള്‍ വയോധികയ്ക്കു സമീപമെത്തി ഉപദ്രവിക്കുകയായിരുന്നു. ഇവരുടെ വസ്ത്രം മാറ്റാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഉറക്കം വിട്ടുണര്‍ന്ന വയോധിക എഴുന്നേല്‍ക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ഇവരെ പലവട്ടം തലയിലടിച്ചു വീഴ്‌ത്തുകയാണ് ചെയ്തത്. അതിക്രുമായി മര്‍ദനമേറ്റ് അവശയായ ഇവരെ യുവാവ് എടുത്തുകൊണ്ടുപോയി.
പിന്നീട് അടുത്ത ദിവസം പുലര്‍ച്ചെ ഒന്നരക്കിലോമീറ്ററോളം അകലെ സിത്താര ജങ്ഷനു സമീപം വിജനമായ സ്ഥലത്ത് അര്‍ധനഗ്നയായ നിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന അവസ്ഥയിലാണ് ഇവരെ കണ്ടെത്തിയത്. പുലര്‍ച്ചെ സമീപത്തെ ക്ഷേത്രത്തിലെത്തിയ പൂജാരിയും ഓട്ടോ ഡ്രൈവറുമാണ് ഇവരെ ആദ്യം കണ്ടത്. ഉടുക്കാനുള്ള വസ്ത്രം നല്‍കിയത് പൂജാരിയാണ്. ഒരു കടയിലെ വാച്ചര്‍ ഇവരുടെ മകളെ വിവരമറിയിച്ചു. മകള്‍ എത്തിയശേഷമാണ് അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയത്.
കണ്ണില്ലാത്ത ക്രൂരതയാണ് നടന്നതെങ്കിലും പൊലീസ് ഇക്കാര്യത്തിലും അലംഭാവം കാണിച്ചുവെന്ന ആക്ഷേപം ഉയരുന്നുണ്ട്. വയോധികയെ പീഡിപ്പിച്ച സംഭവത്തില്‍ കൊട്ടിയം പൊലീസ് കേസെടുത്തത് വൈകിയാണ്. ആശുപത്രിയില്‍ കൊണ്ടുപോയി തലയിലെ മുറിവ് തുന്നിക്കെട്ടിയശേഷം വയോധികയെയും കൂട്ടി മകള്‍ കൊട്ടിയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. പരാതി വാങ്ങിയെങ്കിലും തുടക്കത്തില്‍ പൊലീസ് സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടിയെടുത്തില്ല.
വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാതെ ഇവരെ മകളോടൊപ്പം മടക്കിയയച്ചു. സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിനോ അന്വേഷണം ഊര്‍ജിതമാക്കുന്നതിനോ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. അടുത്ത ദിവസം മാധ്യമങ്ങളിലൂടെ സംഭവം പുറംലോകം അറിഞ്ഞതോടെയാണ് പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചത്.