കാസർകോട് ഇരട്ടക്കൊലപാതകം: ബുദ്ധിജീവികളുടെയെല്ലാം വായിൽ നിശബ്ദത; സാംസ്‌കാരിക നായകരെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ

കാസർകോട് ഇരട്ടക്കൊലപാതകം: ബുദ്ധിജീവികളുടെയെല്ലാം വായിൽ നിശബ്ദത; സാംസ്‌കാരിക നായകരെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

കൊച്ചി: കാസർകോട് രണ്ട് കോൺഗ്രസ് പ്രവർത്തകരായ യുവാക്കൾ അതിദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ സമ്പൂർണ മൗനത്തിൽ കേരളത്തിലെ സാംസ്‌കാരിക ബുദ്ധിജീവികൾ. ഹിന്ദി നാട്ടിൽ എന്തെങ്കിലും നടന്നാൽ കണ്ണക്കണ്ണീരും കഥകളുമായി ഇറങ്ങുന്നവരാണ്, പ്രതികരിക്കാൻ പോലും തയ്യാറാകാതെ നാവ് വായിലിട്ട് മിണ്ടാതെയിരുന്നത്. ഇത് സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്്. കേരളത്തിലെ സാംസ്‌കാരിക നായകരെ ട്രോൾ ചെയ്ത് തേച്ച് ഒട്ടിച്ചിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.
ഉത്തരേന്ത്യയിൽ എന്തു നടന്നാലും ഇവിടെ പ്രതികരണവുമായി എത്തുകയും, സോഷ്യൽ മീഡിയയിൽ ഫാസിസത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്യുന്ന സാംസ്‌കാരിക നായകരാണ് ഇപ്പോൾ ഒരക്ഷരം പോലും മിണ്ടാതെയിരിക്കുന്നത്. പ്രതികരിച്ച ചില സാംസ്‌കാരിക നായകരാകട്ടെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പോലും സിപിഎം എന്ന പേര് പോലും പറയാൻ തയ്യാറായില്ല.
കെ.പി രാമനുണ്ണി, കെ.ആർ മീര, സച്ചിദാനന്ദൻ, ശാരദക്കുട്ടി, കുരീപ്പുഴ ശ്രീകുമാർ, ഭാഗ്യലക്ഷ്മി, സക്കറിയ, സുനിൽ പി.ഇളയിടം, സാറ ജോസഫ്, സെബാസ്റ്റ്യൻ പോൾ എന്നിവരെയാണ് സോഷ്യൽ മീഡിയ ട്രോളിൽ ആക്രമിക്കുന്നത്. സോഷ്യൽ മീഡിയയിൽ എന്തിനെപ്പറ്റിയും പ്രതികരിക്കുന്ന ഈ സാംസ്‌കാരിക നായകരുടെ മൗനം വൻ ചർച്ചയായി മാറിയിരിക്കുകയാണ്.