
സ്വന്തം ലേഖിക
കാട്ടാക്കട: ശനിയാഴ്ച രാത്രി മുതല്‍ തുടങ്ങിയ കനത്ത മഴയില്‍ മലയോരഗ്രാമങ്ങളിലും വനമേഖലയിലും വൻ ദുരിതം. അരുവികളും നീര്‍ചാലുകളും തോടുകളും നിറഞ്ഞൊഴുകുകയാണ്.
വെള്ളം കയറി ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായി. വാഴ, മരച്ചീനി, ഇഞ്ചി അങ്ങനെ വിവിധയിനം പച്ചക്കറികൃഷികള്‍ എന്നിവ വെള്ളത്തിനടിയിലായി. പല സ്ഥലങ്ങളിലും വീടുകള്‍ക്കും ചെറിയതോതില്‍ നാശനഷ്ടമുണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നെയ്യാര്‍ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. നാല് ഷട്ടറുകളും 70 സെന്‍റിമീറ്റര്‍ വീതം ഉയര്‍ത്തി. കുറ്റിച്ചല്‍, നിലമ, കാരിയോട്, പരുത്തിപ്പള്ളി, പേഴുംമൂട്, ഉത്തരംകോട്, കോട്ടൂര്‍, വാഴപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലും തോടുകള്‍ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
മലയോരമേഖലകളിലെ മിക്ക പ്രദേശത്തെ വീടുകളിലെ കിണറുകളും നിറഞ്ഞു. കോട്ടൂര്‍ അഗസ്ത്യവനപ്രദേശത്ത് നീര്‍ച്ചാലുകളില്‍ ഉള്‍പ്പെടെ ശക്തമായ നീരൊഴുക്കായതോടെ വനപ്രദേശം ഒറ്റപ്പെട്ടു. വനത്തിനുള്ളിലെ റോഡുകളിലെല്ലാം വെള്ളം നിറഞ്ഞ് തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്.







