
സ്വന്തം ലേഖിക
പുളിക്കീഴ്: കടപ്രയില്‍ പൊലീസ് സംഘത്തിനു നേരെ ഗുണ്ടാ ആക്രമണം. രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു.
മൂന്ന് ആഴ്ച മുൻപ് കടപ്രയിലെ തിയറ്ററിനു മുൻപില്‍ നടന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണിത്. വീടിനു നേരെ ആക്രമണം നടക്കുന്നെന്ന വിവരം അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടകളെ പിൻതുടര്‍ന്നതോടെ ഇവര്‍ പൊലീസിനെ ആക്രമിക്കുക ആയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുളിക്കീഴ് സ്റ്റേഷനിലെ സിപിഒമാരായ എം.എസ്.സന്ദീപ്, ജി.അനൂപ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. സന്ദീപിന്റെ ഇടതു കൈവിരല്‍ ഒടിഞ്ഞു. സംഭവത്തില്‍ തൃക്കൊടിത്താനം മാമ്മൂട് പനത്തില്‍ നിബിൻ ജോസഫ് (35), ഫാത്തിമാപുരം അമ്പാട്ട് ആര്‍. കണ്ണൻ (27), ഫാത്തിമപുരം പുതുപ്പറമ്പില്‍ അൻസല്‍ റഹ്‌മാൻ (25) എന്നിവരാണ് പിടിയിലായത്. പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ നിബിൻ ജോസഫിന്റെ ഭാര്യാമാതാവ് കുമാരിയും (55) പ്രതിയാണ്.
പരുമല തിക്കപ്പുഴ മലയില്‍ തോപ്പില്‍ ജയന്റെ വീട്ടില്‍ മാരകായുധങ്ങളുമായി മൂന്നംഗ സംഘം ആക്രമിക്കാനെത്തിയെന്ന വിവരമറിഞ്ഞാണ് ഞായറാഴ്‌ച്ച വൈകിട്ട് 4ന് എസ്‌ഐ ഷിബു പി.സാമിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തിയത്. വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ പൊലീസിനെ കണ്ട് ഓടി. പിന്തുടര്‍ന്ന ചെന്ന പൊലീസിനു നേരെയാണ് ഇവര്‍ ആക്രമണം നടത്തിയത്.
നിബിനെ സംഭവസ്ഥലത്തു നിന്നു പൊലീസ് പിടികൂടി. എന്നാല്‍ മറ്റു രണ്ടു പേര്‍ കടന്നു കളഞ്ഞു. വീണ്ടും രാത്രി 10ന് കണ്ണനും അൻസലും ബൈക്കില്‍ ജയന്റെ വീട് ആക്രമിക്കാനെത്തി. ഈ സമയം പട്രോളിങ് നടത്തുകയായിരുന്ന എസ്‌ഐ ജെ. ഷെജിമിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടി. നിബിനും കടപ്ര വളഞ്ഞവട്ടം സ്വദേശി നിഷാദും മാന്നാര്‍, കടപ്ര ഭാഗത്ത് കഞ്ചാവ് വില്‍പന നടത്തിയിരുന്നു. ഈ വിവരം പൊലീസിനു നല്‍കിയതിന്റെ പേരില്‍ ജയന്റെ മകൻ ജയസൂര്യയുമായി നിബിനുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.