
സിസ്റ്റർ ലൂസി കളപ്പുര മതാധ്യാപനം അവസാനിപ്പിച്ചു; അധിക്ഷേപിച്ച് പുറത്താക്കാൻ സഭയുടെ തീരുമാനം
സ്വന്തം ലേഖകൻ
കൊച്ചി : ബിഷപ് ഫ്രാങ്കോയ്ക്കെതിരേയുള്ള സമരത്തിൽ കന്യാസ്ത്രീകൾക്കൊപ്പം നിന്ന സിസ്റ്റർ ലൂസി കളപ്പുര വർഷങ്ങളായി നടത്തിവന്ന മതാധ്യാപനത്തിൽനിന്നു തൽക്കാലം വിടവാങ്ങി. എന്നാൽ, സിസ്റ്റർ ലൂസി സാത്താൻ സേവ ചെയ്യുകയാണെന്നു പുതിയ ആക്ഷേപമുയർന്നു.
നഴ്സറി സ്‌കൂൾ വിദ്യാർഥികൾ തന്നോട് സംസാരിച്ചാൽ കുട്ടികളെ വിലക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയതോടെയാണ് മതാധ്യാപനത്തിൽനിന്ന് തൽക്കാലം അവധിയിൽ പ്രവേശിക്കുന്നതെന്ന് ഫാ. സ്റ്റീഫന് എഴുതിയ കത്തിൽ അവർ വ്യക്തമാക്കി. പത്താം ക്ലാസിലെ മതപഠന പുസ്തകം പഠിപ്പിച്ചു തീർത്തതുകൊണ്ട് അവധിൽ പ്രവേശിക്കുകയാണെന്നും കത്തിലുണ്ട്. ഇതുവരെ സഹകരിച്ച എല്ലാവരോടും സിസ്റ്റർ നന്ദിയും പ്രകാശിപ്പിക്കുന്നു. കഴിഞ്ഞ 19 നാണ് കത്തെഴുതിയിരിക്കുന്നത്.
ലൂസി കളപ്പുര ഉൾപ്പെടുന്ന എഫ്.സി.സി. സന്യാസിനീ സമൂഹത്തിലെ അംഗങ്ങൾക്കു ചില ചാനലുകൾ കാണുന്നതിനു വിലക്കേർപ്പെടുത്തിയതായി സൂചനയുണ്ട്. വാക്കാലുള്ള നിർദേശമാണ് നൽകിയിരിക്കുന്നത്.
തന്നെ ഒറ്റപ്പെടുത്തി സഭയിൽനിന്നു പുറത്താക്കാനുള്ള നീക്കമാണു നടക്കുന്നതെന്നു സിസ്റ്റർ ലൂസി കളപ്പുര പറയുന്നു. സ്വയം പുറത്തുപോകാൻ ലൂസിയെ സമ്മർദത്തിലാഴ്ത്തുന്ന തന്ത്രമാണ് നടക്കുന്നതെന്ന് സിസ്റ്ററെ അനുകൂലിക്കുന്നവർ പറയുന്നു.
‘ഞാൻ താമസിക്കുന്ന മഠത്തിലെ ചില സിസ്റ്റർമാർ 2018 സെപ്റ്റംബർ 23 മുതൽ എന്നോടു സംസാരിക്കുകയോ മുഖത്തുപോലും നോക്കുകയോ ചെയ്യാറില്ല.
മഠത്തിൽ ഒറ്റപ്പെടലിന്റെ രൂക്ഷതയാണ് അനുഭവിക്കുന്നത്. ജനുവരിയിൽ മതാധ്യാപകർ യോഗം വിളിച്ച് എന്നെ ആക്ഷേപിച്ചു. മതപഠനത്തിനായി വരുന്ന വിദ്യാർഥികളോട്, എന്നോടു സംസാരിക്കരുതെന്നു പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച പള്ളിയിൽ നടന്ന യോഗത്തിൽ, ഞാൻ സഭാവിരുദ്ധമായി പ്രവർത്തിക്കുന്നു, സാത്താൻ സേവ ചെയ്യുന്നു എന്നൊക്കെ പറഞ്ഞ് എന്നെ വീണ്ടും സമ്മർദത്തിലാക്കുകയാണ്’- സിസ്റ്റർ ലൂസി കളപ്പുര പറയുന്നു.