ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐയുടെ തുടരന്വേഷണം സ്വർണക്കടത്ത് മാഫിയയെക്കുറിച്ച്; തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വർണം കടത്തിയ കേസിൽ ബാലുവിന്റെ മാനേജരും സുഹൃത്തും വയലിനിസ്റ്റും പ്രതികൾ; അതുമായി സഹകരിക്കാതിരുന്നതിന് അപായപ്പെടുത്തിയതാവാമെന്ന് പിതാവ്

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ദുരൂഹമരണക്കേസിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സ്വർണക്കടത്ത് മാഫിയയുമായി ബാലുവിന്റെ ട്രൂപ്പിലുണ്ടായിരുന്നവർക്കുള്ള ബന്ധമാണ് തുടരന്വേഷണത്തിൽ സി.ബി.ഐ തിരയുന്നത്.

ദുരൂഹമായ സാമ്പത്തിക ഇടപാടുകളാവാം ബാലുവിന്റെ മരണത്തിന് കാരണമായതെന്ന് പിതാവ് സി.കെ.ഉണ്ണി സംശയിക്കുന്നുണ്ട്. പിതാവ് നൽകിയ ഹർജിയിലാണ് തുടരന്വേഷണ ഉത്തരവ് വന്നത്. സ്വ‌ർണക്കടത്ത് സംഘത്തിലേക്ക് അന്വേഷണം നീളാൻ കാരണങ്ങൾ ഏറെയുണ്ട്. കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്‌ണന്റെ ഒത്താശയിൽ 2019 മേയിൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വർണം കടത്തിയ കേസിൽ ബാലുവിന്റെ മാനേജരായിരുന്ന പ്രകാശൻ തമ്പിയും സുഹൃത്ത് വിഷ്‌ണു സോമസുന്ദരവും വയലിനിസ്റ്റ് അബ്ദുൾ ജമീലും പ്രതികളാണ്. ഈ കേസിന്റെ മുഴുവൻ രേഖകളും വിവരങ്ങളും റവന്യൂ ഇന്റലിജൻസിൽ നിന്ന് സി.ബി.ഐ ശേഖരിച്ചിരുന്നെങ്കിലും ആ വഴിക്ക് അന്വേഷണം പുരോഗമിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണക്കടത്തിലെ പ്രതികളായ പ്രകാശനെയും വിഷ്‌ണുവിനെയും സിബിഐ നുണപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ബാലുവിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്വർണക്കടത്ത് പ്രതിയെ കണ്ടെന്നും പ്രതികളുടെ മൊബൈൽ അവിടത്തെ ടവർ പരിധിയിലുണ്ടായിരുന്നെന്നും സിബിഐയ്ക്ക് വിവരം കിട്ടിയിരുന്നു. അപകടത്തിന് സ്വർണക്കടത്തുകാരുമായി ബന്ധമുണ്ടെന്നും, ബാലുവിന്റെ മരണശേഷം ദുരൂഹമായ സാമ്പത്തിക ഇടപാടുകളുണ്ടായിട്ടുണ്ടെന്നും സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നു. പക്ഷേ ഈ വഴിക്ക് കൂടുതൽ അന്വേഷണം നടത്തിയിരുന്നില്ല.

ഏഴു മാസങ്ങളിലായി പ്രകാശൻതമ്പി ഏഴു തവണയും വിഷ്ണു 10 തവണയും ദുബായിലേക്ക് പറന്നിട്ടുണ്ട്. ഇരുവരും ചേർന്ന് 210 കിലോ സ്വർണം കടത്തിയെന്നാണ് ഡി.ആ‌ർ.ഐ കണ്ടെത്തിയത്. ഇവർ വിദേശാത്ര നടത്തിയ ദിവസങ്ങളിൽ സ്വർണം കൊണ്ടുവരാനുള്ള കാരിയർമാരും വിമാനയാത്ര ചെയ്തിട്ടുണ്ട്. ബാലഭാസ്കർ ജീവിച്ചിരിക്കെ, സംഘാംഗങ്ങൾ സ്വ‌ർണം കടത്തിയോയെന്നും, സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതയുമാണ് സിബിഐയ്ക്ക് ഇനി കണ്ടെത്തേണ്ടത്.

കസ്റ്റംസ് സൂപ്രണ്ടിനെ പ്രകാശൻതമ്പി പരിചയപ്പെട്ടത് ബാലഭാസ്കറിന്റെ പേര് ഉപയോഗിച്ചായിരുന്നു. ബാലവുന്റെ സൗണ്ട് റെക്കോഡിസ്റ്റ് അബ്ദുൾജബ്ബാർ 17 കാരിയർമാരിൽ ഒരാളായിരുന്നു. അതേസമയം, ബാലു അറിഞ്ഞുകൊണ്ട് സ്വർണക്കടത്ത് നടത്തില്ലെന്നാണ് പിതാവ് പറയുന്നത്. അറിയാതെ നടന്നിട്ടുണ്ടാവാം. വിവരമറിഞ്ഞ് അവരുമായി സഹകരിക്കാതിരുന്നതിൽ അപായപ്പെടുത്തിയതുമാവാമെന്നും സി.ബി.ഐ സത്യം കണ്ടെത്തട്ടെയെന്നും പിതാവ് പറഞ്ഞു.