
സ്വന്തം ലേഖകൻ
കണ്ണൂര്‍: കണ്ണൂരില്‍ ഒന്നര വര്‍ഷക്കാലം നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തിയ അര്‍ധ നഗ്‌നനായ മോഷ്ടാവിനെ പൊലീസ് പിടികൂടി. കോട്ടയം സ്വദേശിയും തളിപ്പറമ്ബ് കുറ്റിക്കോല്‍ പൂവത്ത് താമസക്കാരനുമായ പുത്തൻവീട്ടില്‍ ഷാജഹാൻ എന്ന ബൈജു (58) വാണ് അറസ്റ്റിലായത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാളെ ടൗണ്‍ പൊലീസ് ഇൻസ്‌പെക്ടര്‍ പി.എ.ബിനുമോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത്.
അര്‍ധ നഗ്നനായാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. ഒന്നരവര്‍ഷമായി മോഷണം നടത്തി നാട്ടുകാരെ ഭീതിയിലാക്കിയ ബൈജു അടിവസ്ത്രവും ബനിയനും മാസ്‌കും ധരിച്ചാണ് വീടുകളില്‍ എത്തിയിരുന്നത്. മോഷണം വ്യാപകമായതോടെ റസിഡന്റ്സ് അസോസിയേഷന്റെ സഹായത്തോടെ രാത്രിയില്‍ പലയിടങ്ങളിലും പൊലീസ് കാവലിരുന്നു എങ്കിലും പ്രയോജനം ഉണ്ടായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ രണ്ടിടങ്ങളില്‍ പ്രതിയുടേതെന്ന് കരുതുന്നയാളുടെ ദ്യശ്യം പൊലീസിന് ലഭിച്ചു. 500-ലധികം സി.സി.ടി.വി. ദ്യശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനിലും ജയിലുകളിലും സി.സി.ടി.വി. ദ്യശ്യങ്ങള്‍ അയച്ചു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്കുള്ള സൂചന ലഭിച്ചത്. മോഷ്ടാവിന്റെ തുടര്‍ന്നുള്ള നീക്കം നിരീക്ഷിച്ച പൊലീസ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2006 മുതല്‍ ജില്ലയ്ക്കകത്തും പുറത്തുമായി 19 മോഷണക്കേസില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സ്വര്‍ണവും പണവും മോഷ്ടിച്ചതിനാണ് കേസുകള്‍.
കാഞ്ഞങ്ങാട്-രണ്ട്, കണ്ണൂര്‍ ടൗണ്‍-നാല്, തലശ്ശേരി-രണ്ട്, മാഹി-മൂന്ന്, ആലപ്പുഴ-രണ്ട്, കോട്ടയം-മൂന്ന്, നടക്കാവ്-മൂന്ന് എന്നിങ്ങനെ മോഷണക്കേസില്‍ പ്രതിയാണ്. കണ്ണൂരിലും പരിസരങ്ങളിലും നിന്നായി 19 പവനും 4,000 രൂപയും മോഷ്ടിച്ചതിന് കേസുകളുണ്ട്. മോഷണക്കേസില്‍ 12 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച് 2020-ലാണ് പുറത്തിറങ്ങിയത്.