play-sharp-fill
യുവാവ്  രണ്ടായി മുറിഞ്ഞു  മാറി , നേരിൽ  കണ്ട അപകടത്തിന്റെ ഞെട്ടൽ മാറാതെ ദൃക്‌സാക്ഷിയുടെ  വൈറൽ  കുറിപ്പ് ..

യുവാവ് രണ്ടായി മുറിഞ്ഞു മാറി , നേരിൽ കണ്ട അപകടത്തിന്റെ ഞെട്ടൽ മാറാതെ ദൃക്‌സാക്ഷിയുടെ വൈറൽ കുറിപ്പ് ..

സ്വന്തംലേഖകൻ

കോട്ടയം : തിരുവനന്തപുരത്തു നടന്ന അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി വേദനയോടെ മനസ് തുറക്കുകയാണ്. ഒപ്പം വണ്ടി കയ്യിൽ കിട്ടിയാൽ പരിസരം മറക്കുന്നവർക്കുള്ള മുന്നറിയിപ്പും കൂടിയാണ് കണ്മുന്നിൽ നടന്ന അപകടം വിവരിക്കുന്ന ഷെബീറിന്റെ കുറിപ്പ്. തിരുവനന്തപുരത്തു നടന്ന വാഹനാപകടത്തിന്റെ ഭീതിദമായ അനുഭവമാണ് ഷെബീര്‍ പങ്കുവച്ചിരിക്കുന്നത്.

     കുറിപ്പ്  വായിക്കാം  

ഇത് ആരെയും വിഷമിപ്പിക്കാൻ അല്ല ഇത് കണ്ടിട്ടെങ്കിലും കുറച്ചു ചെറുപ്പക്കാർ പിന്മാറാൻ മാത്രം .
പാതിരാത്രിയിലെ ഓഫീസ് ഡ്യൂട്ടിക്ക് ശേഷമുള്ള സന്തോഷങ്ങളിലൊന്നാണ് എന്തേലും കഴിക്കുകയെന്നത്. ഇതിനായി സ്ഥിരമായി പോകുന്നത് അട്ടക്കുളങ്ങരയിലേക്കാണ്. ബുഹാരിയുണ്ടവിടെ. പിന്നെ ധാരാളം തട്ടുകടകളും ജ്യൂസ്, ഷേക്ക് ഷോപ്പുകളും. വയറ് നിറക്കാനല്ലെങ്കിലും അങ്ങിനെ പോകുന്നതൊരു സന്തോഷമാണ്.ഇടക്കീ യാത്ര കഴക്കൂട്ടത്തേക്കായിരിക്കും. തിരുവനന്തപുരം നഗരത്തില്‍ രാത്രി ഭക്ഷണം കിട്ടുന്ന മറ്റൊരിടം ടെക്‌നോപാര്‍ക്കും അതിന് ചുറ്റുമുള്ള സ്ഥലവുമാണ്.
ഇന്നലെ (16/12/18, ഞായര്‍) പോയത് കഴക്കൂട്ടത്തേക്കാണ്. ഞങ്ങള്‍ നാലുപേരുണ്ടായിരുന്നു. സന്തോഷകരമായ തീനും കുടിക്കും ശേഷം കടക്ക് പുറത്തിറങ്ങി ഇത്തിരി നേരം വര്‍ത്തമാനം പറഞ്ഞ് നിന്നു. ഞങ്ങളെ മറികടന്ന് മൂന്ന് ബൈക്കുകള്‍ കുതിച്ച് പായുന്നത് കണ്ടു. എന്തൊരു സ്പീഡെന്നാണ് മനസില്‍ ആദ്യം വന്നത്. ഇങ്ങിനെ ഇവര്‍ ഏതെങ്കിലും കാറിലേക്ക് ഇടിച്ച് കയറിയാല്‍ വെടിയുണ്ടയുടെ ആഘാതമായിരിക്കുമെന്നും മറ്റുമുള്ള ചിന്തകള്‍ മനസില്‍ മിന്നിമറഞ്ഞു. സമയം പുലര്‍ച്ചെ ഒന്നര കഴിഞ്ഞിരുന്നു.ഉറക്കം കണ്ണില്‍ തടഞ്ഞ് തുടങ്ങി. കാറില്‍ കയറി തിരികെയാത്ര ആരംഭിച്ചു. പണി നടക്കുന്ന ലുലു മാള്‍ കടന്ന് വന്നപ്പോള്‍ റോഡിലാരൊ കുത്തിയിരിക്കുന്നു. അല്‍പ്പം ഇരുട്ടായതിനാല്‍ ആദ്യം ഒന്നും മനസിലായില്ല.
എന്തോ അപകടത്തിന്റെ പെരുമ്പറ ഉള്ളില്‍ മുഴങ്ങിത്തുടങ്ങി. വണ്ടി റോഡ് വശമൊതുക്കി ഞങ്ങള്‍ മൂന്നുപേര്‍ പുറത്തിറങ്ങി. ഓടി അടുത്ത് ചെന്നപ്പോള്‍ കണ്ടത് ഭീതിദമായ കാഴ്ച്ചയായിരുന്നു. ഒരു ശരീരത്തിന്റെ പകുതി ഭാഗം വേറിട്ട് കമഴ്ന്ന് കിടക്കുകയാണ്. അതിനടുത്തിരുന്ന് ഒരാള്‍ തട്ടിവിളിക്കുന്നു. എന്റുമ്മാ എന്ന് പറഞ്ഞ് ആ കൗമാരക്കാരന്‍ നിലവിളിക്കുന്നുണ്ട്. ഒന്ന് പരതി നോക്കിയപ്പോള്‍ 20 മീറ്റര്‍ അകലത്തിന്‍ അരക്കെട്ടിന് താഴെയുള്ള ഭാഗം വേര്‍പെട്ട് കിടക്കുന്നു. കൃത്യമായി മുറിച്ചെടുത്തപോലെ ഒരു മനുഷ്യ ശരീരത്തിന്റെ രണ്ട് പകുതികള്‍. തലഭാഗത്ത് നിന്ന് കുടല്‍മാല പുറത്തേക്ക് നീണ്ട് കിടക്കുന്നുണ്ട്. ഡിവൈഡറില്‍ ശരീരഭാഗങ്ങള്‍ പറ്റിയിരിക്കുന്നു. ചുറ്റും നോക്കിയപ്പോള്‍ ദൂരെ മറ്റൊരാള്‍ ശരീരം മൊത്തം അടര്‍ന്ന് തറയില്‍കിടന്ന് നിലവിളിക്കുന്നുണ്ട്. ഓടി അവന്റെ അടുത്ത് ചെന്നു. രണ്ട് ബൈക്കുകള്‍ അവന് സമീപത്ത് തകര്‍ന്ന് കിടക്കുന്നു. മൂന്നുപേരും 20 കള്‍ പിന്നിട്ട കൗമാരക്കാര്‍.പെട്ടെന്നാണ് തലച്ചോറില്‍ മിന്നലുണ്ടായത്. ഇവരാണ് കുറച്ച് മുമ്പ് ബൈക്കില്‍ പാഞ്ഞു പോയ കുട്ടികള്‍. ഒരു ലോറി വരുന്നത് കണ്ടു. അവരെ തടഞ്ഞ് നിര്‍ത്തി പാതിമുറഞ്ഞ ശരീരത്തിന് സമാന്തരമായിട്ട് ഇടാന്‍ പറഞ്ഞു. മറ്റ് വാഹനങ്ങള്‍ വന്ന് കയറരുതെന്ന് വിചാരിച്ചാണത് ചെയ്തത്. ഞെട്ടലിനിടയിലും ആ ലോറിക്കാര്‍ സഹകരിച്ചു. അപ്പോഴേക്കും ഒപ്പമുള്ളവര്‍.പൊലീസിനെ വിളിച്ചു. മുറിഞ്ഞുമാറിയ തലഭാഗത്ത് ചെന്ന് അപ്പോഴും ആ കൗമാരക്കാരന്‍ തന്റെ കൂട്ടുകാരനെ വിളിക്കുന്നുണ്ട്. ‘അവന്‍ തീര്‍ന്നെടാ , പോട്ടെടാ എന്ന് പറയാനാണ് തോന്നിയത്’ പറയുകയും ചെയ്തു.എവിടാ സ്ഥലമെന്ന് ചോദിച്ചപ്പൊ പാങ്ങോട്, കല്ലറയെന്നവന്‍ പറയുന്നുണ്ട്. ദൈവമെ എന്റെ സമീപക്കാരാണല്ലൊ ഇവര്‍. പതിയെ ആള് കൂടിത്തുടങ്ങി. പെട്ടെന്നാണ് ആ കാതടപ്പിക്കുന്ന ശബ്ദം കേട്ടത്. ഒരു ഇന്നോവ വന്ന് സമാന്തരമായി ഇട്ടിരുന്ന ലോറിയില്‍ ഇടിച്ച് നില്‍ക്കുയാണ്. ഓടിച്ചെന്നു നോക്കുമ്പോള്‍ നാലഞ്ച് യുവാക്കളുണ്ടതില്‍. ഡ്രൈവറുടെ നാക്ക് കുഴഞ്ഞ് പോകുന്നു. എന്താ സംഭവിച്ചതെന്ന് പോലും അവന് മനസിലായിട്ടില്ല. മുന്നിലെ ഒരു യാത്രക്കാരന്‍ ഡാഷ് ബോര്‍ഡില്‍ കുരുങ്ങിക്കിടക്കുകയാണ്. ഓടിക്കൂടിയ നാട്ടുകാരില്‍ ചിലര്‍ ഇന്നോവയുടെ ഡ്രൈവറെ പിടിച്ചിറക്കി തല്ലുന്നുണ്ട്. അവനൊന്ന് നിലത്ത് നില്‍ക്കാന്‍ പോലുമാകാതെ കുഴഞ്ഞ് പോവുകയാണ്. രൂക്ഷമായ മദ്യത്തിന്റെ ഗന്ധം വരുന്നു. ദൈവമെ ഇവനെങ്ങനെ ഈ കോലത്തില്‍പൊലീസെത്തി, ആംബുലന്‍സെത്തി ഓരോരുത്തരെയായി ആശുപത്രിയിലേക്ക് നീക്കി…. ജീവിതത്തിന്‍ ഒരിക്കല്‍പ്പോലും മനുഷ്യന്റെ വിരലുകള്‍ പോലും അറ്റ് കിടക്കുന്നത് കണ്ടിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ കൃത്യമായി മുറിച്ച മനുഷ്യ ശരീരം കണ്ടിരിക്കുന്നു.ആ കുട്ടിയുടെ ഉടുപ്പൊന്ന് ഉടയുകയൊ കീറുകയൊ ചെയ്തിട്ടില്ലായിരുന്നു. അത്ര കൃത്യമായ കഷണമാക്കലായിരുന്നത്. കൃത്യമായി പകുത്തെടുത്ത പോലുള്ള അവന്റെ കിടപ്പ് ഓര്‍മയുള്ളകാലം മുഴുവന്‍ മനസിലുണ്ടാകും. ഒപ്പമാ നിലവിളിയും. എന്റുമ്മാ, എണീക്കെടാ, കിടക്കണ കണ്ടില്ലേ, എന്റുമ്മാ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ടെസ്റ്റ് ഡ്രൈവുകളില്‍ ചിലപ്പോഴൊക്കെ വാഹനം വേഗത്തില്‍ ഓടിച്ചിട്ടുണ്ട്. ഒരുപാട് മുന്‍കരുതലുകളെടുത്തിട്ടാണത് ചെയ്യുക. പൊതുനിരത്തുകളില്‍ ഒരുതരത്തിലും പരിധി വിട്ടുള്ള വേഗത ദയവായി എടുക്കരുത്. സമയം കിട്ടുമെങ്കില്‍ എല്ലാവരും യൂട്യൂബില്‍ പോയി വാഹനങ്ങളുടെ ക്രാഷ് ടെസ്റ്റുകളുടെ വീഡിയൊ കാണണം. 60 കിലോമീറ്റര്‍ വേഗത്തിലും 80 കിലോമീറ്റര്‍ വേഗത്തിലും ഇടിക്കുന്ന വാഹനങ്ങളുടെ ഉള്ളിലെ ആഘാതങ്ങള്‍ തമ്മിലുള്ള വ്യത്യാസം കണ്ടുതന്നെ മനസിലാക്കണം. ഉള്ളിലിരിക്കുന്ന മനുഷ്യ ഡമ്മികള്‍ ഒടിഞ്ഞ് നുറുങ്ങുന്നത് നമുക്കതില്‍ കാണാം. നമ്മുടെ ശരീരം അതിലോലവും മൃദുലവുമാണ്. ചെറിയ ആഘാതങ്ങള്‍ പോലും അതിനെ ഛിന്നഭിന്നമാക്കും.കൊക്കയിലേക്ക് മറിഞ്ഞ കാറുകളില്‍ നിന്ന് നെറ്റിയിലൊരു പോറലുമായി എഴുന്നേറ്റ് വരാന്‍ നാം സിനിമയിലെ നായകരല്ല. മജ്ജയും മാംസവും അസ്ഥിയുമുള്ള വെറും മനുഷ്യരാണ്. ആരെങ്കിലും നുള്ളിയാല്‍പോലും വേദനിച്ച് പുളയുന്ന വെറും മനുഷ്യര്‍.