പള്ളി വികാരി ബിജെപിയിൽ ചേർന്ന സംഭവം; വിശദീകരണവുമായി ഇടുക്കി രൂപത

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

ഇടുക്കി: ഇടുക്കി മങ്കുവ പള്ളി വികാരി ഫാ. കുര്യാക്കോസ് മറ്റത്തില്‍ ബിജെപിയില്‍ ചേര്‍ന്ന സംഭവത്തില്‍ വിശദീകരണവുമായി ഇടുക്കി രൂപത.

പാര്‍ട്ടിയില്‍ അംഗത്വമെടുത്തത് സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. വികാരിയുടെ ചുമതലയുള്ളയാള്‍ പാര്‍ട്ടി അംഗത്വം എടുക്കുന്നത് ഇടവക അംഗങ്ങള്‍ക്ക് ഇടയില്‍ ഭിന്നത ഉണ്ടാക്കുമെന്നും അക്കാരണത്താലാണ് ഫാ. കുര്യാക്കോസ് മറ്റത്തിനെ ചുമതലയില്‍ നിന്നും മാറ്റിയതെന്നും മീഡിയ കമ്മീഷൻ ഡയറക്ടര്‍ ഫാ ജിൻസ് കാരക്കാട്ടില്‍ വിശദീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക കമ്മീഷനെ നിയോഗിക്കും. കമ്മിഷൻ റിപ്പോര്‍ട്ട്‌ കിട്ടിയ ശേഷം ആവശ്യമെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കും. അനുഭാവം പ്രകടിപ്പിക്കുകയും അംഗത്വം എടുക്കുന്നതും രണ്ടും രണ്ടാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സമ്മര്‍ദ്ദ ശക്തിയായി സഭ മാറിയിട്ടുണ്ടെന്നും ഫാ ജിൻസ് കാരക്കാട്ടില്‍ ചൂണ്ടിക്കാട്ടി.

റോമന്‍ കത്തോലിക്കാ സഭയുടെ നിയമപ്രകാരം പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ പാടില്ല. വൈദികന്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് ഇടവകയിലെ വിശ്വാസികള്‍ക്കിടയില്‍ പ്രശ്നമുണ്ടാകുമെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് സഭാ നിലപാട്.

അരമനയില്‍ നിന്ന് വൈദികരുടെ പ്രത്യേക സംഘമെത്തിയാണ് വൈദികനെ പ്രായമായ പുരോഹിതർ താമസിപ്പിക്കുന്ന സ്ഥലത്തേക്ക് മാറ്റിയത്. ഇന്നലെ പള്ളിയില്‍ വച്ച്‌ വൈദികന് ബിജെപി നേതൃത്വം സ്വീകരണം നല്‍കിയിരുന്നു. 15 ദിവസത്തിന് മുന്‍പാണ് അംഗത്വം നല്‍കിയതെന്നാണ് ബിജെപി നേതൃത്വം വിശദമാക്കുന്നത്. വൈദികന്റെ അനുമതിയോടെയാണ് ചിത്രം പുറത്ത് വിട്ടതെന്നും ബിജെപി പ്രാദേശിക നേതാക്കള്‍ വിശദമാക്കി.