
ദോശക്ക് ചമ്മന്തി ഇല്ല; ഇടുക്കി കട്ടപ്പനയില്‍ തട്ടുകട ജീവനക്കാരന്‍റെ മൂക്ക് കടിച്ച് പറിച്ച് യുവാവ്; മര്‍ദ്ദനം തടയാനെത്തിയ മറ്റ് രണ്ട് ജീവനക്കാർക്കുനേരെയും ആക്രമണം
കട്ടപ്പന: കച്ചവടം അവസാനിപ്പിച്ച തട്ടുകടയില്‍ നിന്നും ഭക്ഷണം നല്‍കാത്തതിനെ തുടര്‍ന്ന് ജീവനക്കാരൻറെ മൂക്ക് കടിച്ചു പറിച്ചു.
ഇടുക്കി പുളിയന്മലയിലാണ് സംഭവം. പരിക്കേറ്റ പുളിയന്മല ചിത്ര ഭവനില്‍ ശിവചന്ദ്രനെ പ്ലാസ്റ്റിക്ക് സര്‍ജറിക്ക് വിധേയനാക്കി.
പുളിയന്മലയില്‍ തമിഴ്നാട് സ്വദേശി കവിയരശൻറെ തട്ടുകയിലെ ജീവനക്കാരനായ ശിവചന്ദ്രനെ പ്രദേശവാസിയായ സുജീഷ് എന്ന യുവാവാണ് ആക്രമിച്ചത്.
തട്ടുകടയിലെ സാധനങ്ങള്‍ തീര്‍ന്നതിനൊപ്പം മഴയുമുണ്ടായിരുന്നതിനാല്‍ കട അടക്കാൻ തുടങ്ങുന്നതിനിടെയാണ് അതിക്രമണം ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുളിയൻമല അമ്പലമേട്ടില്‍ താമസിക്കുന്ന സുജീഷ് കടയിലെത്തി ഭക്ഷണം ആവശ്യപ്പെട്ടു. എതിര്‍ വശത്ത് ബേക്കറി നടത്തുന്നയാളുടെ മകനാണ് സുജീഷ്. പരിചയത്തിന്‍റെ പേരില്‍ ജീവനക്കാര്‍ക്കായി വച്ചിരുന്ന ദോശയിലൊന്ന് ഇയാള്‍ക്ക് നല്‍കി.
എന്നാല്‍ ദോശക്കൊപ്പം കറി ഇല്ലാതിരുന്നതിനെ ചൊല്ലി തര്‍ക്കമായി. ഇതിനിടെ സുജീഷ് കടയിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ശിവയെ മര്‍ദ്ധിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ സുജീഷിന്‍റെ കടിയേറ്റ് ശിവചന്ദ്രന്‍റെ മൂക്കിന് മുറിവേല്‍ക്കുകായയിരുന്നു.
മര്‍ദ്ദനം തടയാനെത്തിയ മറ്റു രണ്ടു ജീവനക്കാരെയും ഇയാള്‍ ആക്രമിച്ചതായി പരാതിയുണ്ട്. പരിക്കേറ്റ ശിവയെ വിദഗ്ദ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷത്തിനിടെ ഹോട്ടല്‍ ജീവനക്കാരുടെയുള്‍പ്പെടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ സുജീഷും കട്ടപ്പനയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇരുകൂട്ടരും തമ്മില്‍ വാട്ടര്‍ കണക്ഷനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നതാണ്. ശിവയുടെ പരാതിയില്‍ വണ്ടൻമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.