നിയമനത്തട്ടിപ്പ് കേസ്; അഖില്‍ സജീവും ലെനിനും പ്രതി; ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പൊലീസ്

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസില്‍ അഖില്‍ സജീവിനെയും ലെനിനെയും പ്രതി ചേര്‍ത്തു. ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

വഞ്ചന, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ പ്രതി ചേര്‍ത്തിരിക്കുന്നത്. നാളെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും പൊലീസ് അറിയിച്ചു. ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പരാതിയിലാണ് നടപടി. ഹരിദാസനില്‍ നിന്ന് ലെനിൻ 50000 വും അഖില്‍ സജീവ് 25000 രൂപയും തട്ടിയെടുത്തതായി പൊലീസ് വെളിപ്പെടുത്തി. ബാസിതിനെ പ്രതി ചേര്‍ക്കുന്നതില്‍ തീരുമാനം പിന്നീട് എടുക്കുമെന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം, നിയമന കോഴ കേസില്‍ മൊഴിയില്‍ ഉറച്ച്‌ നില്‍ക്കുകയാണ് പരാതിക്കാരൻ ഹരിദാസൻ. അഖില്‍ മാത്യുവിനാണ് താൻ പണം കൈമാറിയതെന്ന് കണ്ടോണ്‍മെൻറ് പൊലീസിനോട് ഹരിദാസൻ ആവര്‍ത്തിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രതികൂലമായിട്ടും മൊഴിയില്‍ ഉറച്ച്‌ നില്‍ക്കുകയാണ് ഹരിദാസൻ. ഹരിദാസനും ബാസിതും ചേര്‍ന്ന് ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും.

ഒളിവിലുള്ള അഖില്‍ സജീവനും ലെനിനും വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അഖില്‍ സജീവൻ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് പൊലീസിന് കിട്ടുന്ന വിവരം. അഖില്‍ മാത്യുവിനെതിരായ ആരോപണത്തില്‍ ഇതുവരെ പൊലീസിന് തെളിവ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ ആള്‍മാറാട്ടം നടന്നോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

നിയമനക്കോഴ ആരോപണത്തില്‍ മന്ത്രി വീണ ജോര്‍ജ്ജിന്‍റെ ഓഫീസ് പരിസരത്തെ സിസിടി ദൃശ്യങ്ങള്‍ പൊതുഭരണ വകുപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്. ആരോഗ്യ വകുപ്പിനെ പിടിച്ചുകുലുക്കിയ കോഴ ആരോപണത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളാണ് കന്‍റോണ്‍മെന്‍റ് പൊലീസിന് കിട്ടിയത്. പൊലീസിന്‍റെ അപേക്ഷയനുസരിച്ച്‌ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊതുഭരണ വകുപ്പ് അനുമതി നല്‍കുകയായിരുന്നു.

പരാതിക്കാരനായ ഹരിദാസിന്‍റെ ആരോപണം ശരിവയ്ക്കുന്ന ദൃശ്യങ്ങളൊന്നും പൊലീസിന് കിട്ടിയിട്ടില്ല. ഹരിദാസും സുഹൃത്ത് ബാസിതും ആരോഗ്യ മന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റ് അനക്സ് 2ന് സമീപം നില്‍ക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. എന്നാല്‍ അഖില്‍ മാത്യുവിന്‍റെയോ പണം കൈമാറ്റം നടത്തുന്നതിന്‍റെയോ ദൃശ്യങ്ങള്‍ കണ്ടെത്താനായിട്ടില്ല. വരും ദിവസങ്ങളില്‍ ദൃശ്യങ്ങളുടെ സംബന്ധിച്ച്‌ കൂടുതല്‍ പരിശോധന പൊലീസ് നടത്തും.