പമ്പുകളില്‍ കുടിശിക; ഇന്ധനം ലഭിക്കാതെ പോലീസ്‌ വാഹനങ്ങള്‍; പലപ്പോഴും സ്പോൺസർമാരെ കണ്ടെത്തിയാണ് ഡീസലടിക്കുന്നത്

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഇന്ധനം ലഭിക്കാതെ പോലീസ്‌ വാഹനങ്ങള്‍, എന്നാല്‍ എന്തു പ്രശ്‌നമുണ്ടായാലും വണ്ടിയോടണമെന്നതിനാല്‍ സ്വന്തം പോക്കറ്റില്‍ നിന്ന് ഇന്ധനത്തിനായി പണം ചെലവാക്കേണ്ട ഗതികേടിലാണ്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍.

എങ്ങനെയെങ്കിലും വാഹനങ്ങള്‍ ഓടിക്കണമെന്ന നിര്‍ദേശം മാത്രമാണു മുകളില്‍നിന്നു നല്‍കുന്നത്‌. ദിവസങ്ങള്‍ പിന്നിട്ടതോടെ കൂടുതല്‍ പോലീസ്‌ വണ്ടികള്‍ പ്രതിസന്ധിയിലാകുകയാണ്‌. സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയാണ്‌ ഇപ്പോള്‍ വാഹനങ്ങളില്‍ ഡീസലടിക്കുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌പോണ്‍സര്‍മാരെ കിട്ടാത്തപ്പോള്‍ മറ്റു പമ്പുകളില്‍ കടം പറയുകയാണ്.
നാലുദിവസമായി ജില്ലയിലെ വാഹനങ്ങള്‍ക്ക്‌ ഇന്ധനം കിട്ടുന്നില്ല. കുടിശികയുള്ളതിനാല്‍ പമ്ബുകള്‍ ഇന്ധനം നല്‍കാത്തതാണു പ്രതിസന്ധിക്കു കാരണം. നഗരത്തിലെ ഒരു പമ്ബില്‍ മാത്രം 48 ലക്ഷം രൂപയാണു നല്‍കാനുള്ളത്‌. കണ്‍ട്രോള്‍ റൂം- സ്‌റ്റേഷന്‍ വാഹനങ്ങളും എ.ആര്‍. ക്യാമ്ബിലെ വാഹനങ്ങളുമടക്കം ഇവിടെനിന്ന്‌ ഇന്ധനമടിക്കുന്നുണ്ട്‌.

ഈ വാഹനങ്ങളെല്ലാം ഓട്ടം നിലച്ച അവസ്‌ഥയിലാണ്‌. അധികം ഓട്ടമില്ലാത്തതിനാല്‍ ക്യാമ്ബില്‍ സ്‌ഥിതി ഗുരുതരമായിട്ടില്ല. കുടിശിക തീര്‍ക്കാതെ ഇന്ധനം നല്‍കില്ലെന്നാണ്‌ പമ്ബുടമയുടെ നിലപാട്‌. വന്നവരെയെല്ലാം മടക്കിയയക്കുകയാണു ചെയ്യുന്നത്‌. ജില്ലയിലെ മറ്റ്‌ പോലീസ്‌ വാഹനങ്ങളുടെയും അവസ്‌ഥ ഇതുതന്നെയാണ്‌.

ഇരുചക്ര വാഹനങ്ങള്‍ക്ക്‌ ഉദ്യോഗസ്‌ഥര്‍ കൈയില്‍നിന്ന്‌ പണം ചെലവാക്കി ഇന്ധനം നിറക്കുകയാണ്‌. ഇതു പലരെയും ബുദ്ധിമുട്ടിലാക്കുന്നു. വലിയ വാഹനങ്ങള്‍ക്ക്‌ ദിവസം 1500 രൂപയുടെ ഡീസലെങ്കിലും വേണം. ദിവസവും ഇത്തരത്തില്‍ ഇന്ധനം നിറക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്കു കഴിയുന്നില്ല.
നേരത്തെയും ഇത്തരത്തില്‍ കുടിശിക വരാറുണ്ടെങ്കിലും പമ്ബുടമകള്‍ ഇന്ധനം നല്‍കാറാണു പതിവ്‌.

ഇന്ധനം കിട്ടാതായതോടെ സ്‌റ്റേഷനുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താറുമാറായി. കുടിശിക തീര്‍ത്തില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാവും. പട്രോളിങ്ങിനും കേസിന്റെ കാര്യങ്ങള്‍ക്കും പോകാനാവാത്ത അവസ്‌ഥയാണ്‌ ഇപ്പോള്‍ തന്നെ. കണ്‍ട്രോള്‍ റൂം വാഹനങ്ങളാണ്‌ ഏറെ പ്രതിസന്ധിയിലായത്‌. ആരെങ്കിലും സഹായത്തിനു വിളിച്ചാലോ അപകടം സംഭവിച്ചാലോ ഓടിയെത്താന്‍ കഴിയുന്നില്ല.
നാലുദിവസമായി ഇന്ധനം തീര്‍ന്നിരിക്കുകയാണ്‌.

ജില്ലയില്‍ ഏഴു വാഹനങ്ങളാണു കണ്‍ട്രോള്‍ റൂമിലുള്ളത്‌. ഇതില്‍ നാലെണ്ണവും നഗര പരിധിയില്‍ ഓടുന്നവയാണ്‌.
രണ്ടെണ്ണം കോട്ടയം നഗരത്തിലും ഒന്നു വീതം കഞ്ഞിക്കുഴിയിലും പുതുപ്പള്ളിയിലും. നഗരത്തിലോടുന്ന രണ്ടു വണ്ടികളില്‍ ഒന്നില്‍ ഉദ്യോഗസ്‌ഥര്‍ കൈയില്‍നിന്നു പൈസ ചെലവാക്കി ഡീസലടിച്ചിട്ടിരിക്കുകയാണ്‌.