play-sharp-fill
കോട്ടയം സീറ്റ് തങ്ങൾക്ക് വേണം: അവകാശവാദവുമായി എൻ.സി.പി; മാണി സി.കാപ്പനെ സ്ഥാനാർത്ഥിയാക്കാൻ നീക്കം; എതിർപ്പുമായി സിപിഎം രംഗത്ത്

കോട്ടയം സീറ്റ് തങ്ങൾക്ക് വേണം: അവകാശവാദവുമായി എൻ.സി.പി; മാണി സി.കാപ്പനെ സ്ഥാനാർത്ഥിയാക്കാൻ നീക്കം; എതിർപ്പുമായി സിപിഎം രംഗത്ത്

സ്വന്തം ലേഖകൻ

കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ മാണി സി.കാപ്പനെ പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി എൻസിപി ജില്ലാ നേതൃത്വം രംഗത്ത്. ജനതാദൾ കോട്ടയം സീറ്റിൽ മത്സരിക്കാനില്ലെന്ന നിലപാട് എടുത്തതോടെയാണ് എൻസിപി നേതൃത്വം കോട്ടയം സീറ്റിന് ആവകാശ വാദം ഉന്നയിച്ച് രംഗത്ത് എത്തിയത്. ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ സ്ഥിരമായി കെ.എം മാണിയ്‌ക്കെതിരെ മത്സരിക്കുന്നത് എൻസിപിയാണ്. ഈ സാഹചര്യത്തിലാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ സീറ്റ് തങ്ങൾക്ക് വിട്ട് നൽകണമെന്ന ആവശ്യം എൻസിപി ഉയർത്തിയിരിക്കുന്നത്. എൻസിപി കോട്ടയം പാർലമെന്റ് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള ആവശ്യം ഉയർന്നത്. ഈ ആവശ്യം പ്രമേയമായി യോഗത്തിൽ അവതരിപ്പിച്ച് ദേശീയ സംസ്ഥാന നേതൃത്വങ്ങൾക്ക് അയച്ചു നൽകാനും തീരുമാനമായിട്ടുണ്ട്. ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ സംസ്ഥാന നേതൃത്വങ്ങൾ സ്വീകരിക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തിലാവും, സീറ്റ് സംബന്ധിച്ചുള്ള ആവശ്യങ്ങളിൽ തീരുമാനം എടുക്കുക. എന്നാൽ, ജനതാദള്ളിന്റെ കയ്യിൽ നിന്നും സീറ്റ് പിടിച്ചെടുത്ത സിപിഎം സീറ്റ് എൻസിപിയ്ക്ക് നൽകുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്. ജില്ലയിലെ ശക്തി തെളിയിക്കേണ്ടതും, പരമാവധി സീറ്റ് നേടേണ്ടതും സിപിഎമ്മിന്റെ ആവശ്യമാണ്. ഈ സാഹചര്യത്തിൽ എൻസിപിയ്ക്ക് ഇവർ സീറ്റ് വിട്ട് നൽകുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. 
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കേരള സംരക്ഷണ യാത്ര ജില്ലയിൽ എത്തുമ്പോൾ വമ്പൻ സ്വീകരണം ഒരുക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഓരോ നിയോജക മണ്ഡലങ്ങളിലും അഞ്ഞൂറ് പ്രവർത്തകരെ വീതം പങ്കെടുപ്പിക്കുന്നതിനു യോഗത്തിൽ തീരുമാനമായിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾക്കായി 501 അംഗ പ്രവർത്തക സമിതിയെയും യോഗം തിരഞ്ഞെടുത്തിട്ടുണ്ട്. യോഗം എൻ.സി.പി വർക്കിംഗ് കമ്മിറ്റി അംഗം മാണി സി.കാപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി ബേബി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, വി.ജി രവീന്ദ്രൻ, എൻ.എൽ.സി സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ, കാണക്കാരി അരവിന്ദാക്ഷൻ, പി.കെ ആനന്ദക്കുട്ടൻ, എം.എം അശോകൻ, സാബു എബ്രഹാം, അഡ്വ.ഫ്രാൻസിസ് ജേക്കബ്, ബാബു കപ്പക്കാല, രാജു തെക്കൻ, ജേക്കബ് പുതുപ്പള്ളി, കെ.കെ ഗോപാലൻ എന്നിവർ പ്രസംഗിച്ചു.