
കോട്ടയം: നാടിനെ മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.
മാലിന്യമുക്തം നവകേരളം പ്രതിജ്ഞയെടുത്തശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയും പരിസരപ്രദേശങ്ങളും വൃത്തിയാക്കിയാണ് ശുചീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായത്.
മെഡിക്കൽ കോളജ് അങ്കണത്തിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ മാലിന്യങ്ങൾ ശേഖരിച്ച് ശുചീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂർ നിയമസഭ മണ്ഡലം നവംബർ ഒന്നിന് സമ്പൂർണ മാലിന്യമുക്തമണ്ഡലമാക്കി മാറ്റുന്നതിനുള്ള ‘വൃത്തി’ കർമ്മപദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മാലിന്യമുക്തം നവകേരളം പ്രതിജ്ഞ മന്ത്രി ചൊല്ലിക്കൊടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ജനപ്രതിനിധികളും ഡോക്ടർമാരും അധ്യാപകരും മെഡിക്കൽകോളജ് ജീവനക്കാരും വിദ്യാർഥികളും എൻ.എസ്.എസ്. വോളന്റിയർമാരും പൊതുജനങ്ങളും ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളായി.