
കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ സി ഐ ടി യു നേതാവ് അജയൻ മാപ്പ് പറഞ്ഞു; മാപ്പ് അംഗീകരിക്കരുതെന്ന ബസ്സുടമയുടെ വാദം അംഗീകരിക്കാതെ കോടതി കേസ് തീർപ്പാക്കി.
സ്വന്തം ലേഖകൻ
കോട്ടയം: തിരുവാര്‍പ്പില്‍ ബസുടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ സി ഐ ടി യു നേതാവ് മാപ്പ് പറഞ്ഞു. ഇതോടെ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടും സി ഐ ടി യു നേതാവ് അജയൻ മാപ്പ് അപേക്ഷിച്ചു. തുറന്ന കോടതിയിലാണ് അജയൻ മാപ്പ് ചോദിച്ചത്. മാപ്പപേക്ഷ സ്വീകരിക്കരുതെന്ന് വെട്ടിക്കുളങ്ങര ബസുടമ രാജ്‌മോഹൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, കോടതി ഇത് അംഗീകരിക്കാതെ കേസ് തീര്‍പ്പാക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് ഉടമയുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസ് നിലവിലുണ്ടെന്നും അതിനാല്‍ കോടതിയലക്ഷ്യ നടപടി ഒഴിവാക്കണമെന്നും സത്യവാങ്മൂലത്തിലൂടെ അജയൻ ആവശ്യപ്പെട്ടിരുന്നു. മനപ്പൂര്‍വ്വം കോടതി ഉത്തരവ് ധിക്കരിച്ചിട്ടില്ലെന്നും വാഹനം തടഞ്ഞിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
തിരുവാര്‍പ്പില്‍ സ്വകാര്യ ബസിന് മുന്നില്‍ സിഐടിയു കൊടി കുത്തിയ സംഭവത്തിന് പിന്നാലെയാണ് ബസ് ഉടമ രാജ്മോഹനെ ഗ്രാമപഞ്ചായത്ത് അംഗവും സിഐടിയു നേതാവുമായ അജയൻ മര്‍ദിച്ചത്.ബസില്‍ സി ഐ ടി യു നാട്ടിയ കൊടി തോരണങ്ങള്‍ രാവിലെ അഴിച്ചു മാറ്റുമ്ബോഴാണ് സംഭവം. പോലീസ് കാഴ്ചക്കാരായി നില്‍ക്കുമ്ബോഴാണ് മര്‍ദ്ദനമേറ്റതെന്ന് ആരോപണമുണ്ടായിരുന്നു. കൊടിയില്‍ തൊട്ടാല്‍ വീട്ടില്‍ കയറി തല്ലുമെന്നും നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും രാജ്മോഹൻ പരാതിയില്‍ പറഞ്ഞിരുന്നു.