
വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ പുകയില ഉല്പന്നങ്ങള് വിറ്റ ഉദ്യോഗസ്ഥൻ അറസ്റ്റില്‍; നൂറ് രൂപയുടെ ബീഡിയാണ് 2500 രൂപയ്ക്ക് തടവുകാര്‍ക്ക് വില്‍പ്പന നടത്തിയത്; തടവുകാരില്‍ നിന്ന് പുകയില ഉല്പന്നങ്ങള് കണ്ടെത്തിയപ്പോഴാണ് ഉറവിടത്തിന്റെ ചുരുളഴിയുന്നത്
സ്വന്തം ലേഖകൻ
തൃശൂര്‍: വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ പുകയില ഉല്പന്നങ്ങള് വിറ്റ ഉദ്യോഗസ്ഥൻ അറസ്റ്റില്‍. പ്രിസണ്‍ ഓഫിസര്‍ അജുമോൻ (36) ആണ് പിടിയിലായത്. വിയ്യൂര്‍ പൊലീസ് കാലടിയില്‍ നിന്നാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്. ഇയാള്‍ നൂറ് രൂപയുടെ ബീഡി 2500 രൂപയ്ക്ക് തടവുകാര്‍ക്ക് വില്‍ക്കുകയായിരുന്നു. തടവുകാരില്‍ നിന്ന് പുകയില ഉല്പന്നങ്ങള് പിടികൂടിയപ്പോഴാണ് ഉറവിടം അന്വേഷിച്ചത്.
വിയ്യൂര്‍ സെൻട്രല്‍ ജയിലിലെ മുൻ പ്രിസണ്‍ ഓഫീസര്‍ അജുമോനെ ഒളിവില്‍ കഴിഞ്ഞിരുന്ന കാലടിയില്‍ നിന്നാണ് വിയ്യൂര്‍ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബൈജു കെസിയുടെ നേതൃത്വത്തില്‍ ഉള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ചടക്ക നടപടികളുടെ ഭാഗമായി ഇയാള്‍ മൂന്നുമാസമായി സസ്പെൻഷനില്‍ ആയിരുന്നു. വിയ്യൂര്‍ ജയിലില്‍ നിരന്തരമായി പുകയിലോല്‍പന്നങ്ങളും മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങളും തടവുകാരില്‍ നിന്നും സ്ഥിരമായി പരിശോധനയില്‍ കണ്ടെത്തുമായിരുന്നു.
കുറച്ചുകാലങ്ങളായി ഇത്തരം കേസുകള്‍ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നത് മനസ്സിലാക്കിയ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റെ നിര്‍ദ്ദേശപ്രകാരം പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഉദ്യോഗസ്ഥന്റെ പങ്ക് വെളിപ്പെടുന്നത്. അന്വേഷണത്തില്‍ നൂറു രൂപ മാത്രം വില വരുന്ന ബീഡി 2500 രൂപയ്ക്ക് തടവുകാര്‍ക്ക് വില്‍പ്പന നടത്തിയതായി കണ്ടെത്തി.
പുകയിലോല്‍പന്നങ്ങള്‍ ജയില്‍ ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നും തടവുകാര്‍ വാങ്ങുന്നതിന് മുമ്ബ് തടവുകാരുടെ വീട്ടുകാര്‍ ഉദ്യോഗസ്ഥൻ നിര്‍ദ്ദേശിക്കുന്ന ഗൂഗിള്‍ പേ നമ്ബറിലേക്ക് പണം കൈമാറണം. പണം ലഭിച്ചു എന്ന് ഉറപ്പായാല്‍ തടവുകാര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ അവര്‍ക്ക് എടുക്കാൻ പാകത്തിലുള്ള സ്ഥലത്ത് വെച്ചുകൊടുക്കുകയാണ് പതിവ്.
അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ വളരെയധികം അനധികൃതമായ പണം ഇടപാടുകള്‍ നടന്നിട്ടുള്ളതായി കണ്ടെത്തി. ഈ ഉദ്യോഗസ്ഥനെതിരെ മുൻപും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആരോപണത്തിന്റെ ഭാഗമായിട്ടാണ് ഉദ്യോഗസ്ഥൻ മൂവാറ്റുപുഴ സബ് ജയിലില്‍ നിന്നും വിയ്യൂര്‍ സെൻട്രല്‍ ജയിലിലേക്ക് സ്ഥലം മാറി വന്നത്.
13 വര്‍ഷമായി സര്‍വീസിലുള്ള ഇയാള്‍ ജോലി ചെയ്തിരുന്ന പല ജയിലുകളിലും താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ച് ഇത്തരം കാര്യങ്ങള്‍ ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ എസ്ഐ എബ്രഹാം വര്‍ഗീസ്, ജോഷി ജോസഫ്, അനില്‍കുമാര്‍ പി സി, അനീഷ്,ടോമി വൈ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.