video
play-sharp-fill

ചക്രവാതചുഴിയും ന്യുനമർദ്ദവും; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് 

ചക്രവാതചുഴിയും ന്യുനമർദ്ദവും; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് 

Spread the love

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ചക്രവാതചുഴിയും ന്യുനമര്‍ദ്ദവും നിലനില്‍ക്കുന്നതാണ് ഇന്നും കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയേകുന്നത്.

ഇന്നലെ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമായിരുന്നു ശക്തമായ മഴക്കുള്ള അറിയിപ്പെങ്കില്‍ ഇന്ന് വടക്കൻ ജില്ലകളിലാണ് സാധ്യത കൂടുതലെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ കോട്ടയമടക്കമുള്ള ജില്ലകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കോട്ടയം ജില്ലയുടെ വിവിധ മേഖലകളില്‍ ഇന്നലെ കനത്തമഴയാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ചും കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയില്‍ ശക്തമായ മഴയായിരുന്നു. തീക്കായി, തലനാട്, അടുക്കം ഭാഗങ്ങളില്‍ മൂന്നു മണിക്കൂറോളം അതിശക്തമായിരുന്നു മഴ.

ഇതിനെ തുടര്‍ന്ന് മീനച്ചിലാറില്‍ പലയിടത്തും ജല നിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഒറ്റയീട്ടിയ്ക്ക് സമീപം ഒരു കാര്‍ വെള്ളപ്പാച്ചിലില്‍ പെട്ടെങ്കിലും അപകടങ്ങളില്ല. അതിനിടെ, വാഗമണ്‍ റോഡില്‍ മംഗളഗിരിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത തടസ്സപ്പെട്ടു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തീക്കോയി വില്ലേജില്‍ വെളിക്കുളം സ്കൂളില്‍ ക്യാമ്ബ് തുറന്നിട്ടുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ഈരാറ്റുപേട്ട- വാഗമണ്‍ റൂട്ടില്‍ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.

അതേസമയം തെക്ക് കിഴക്കൻ ജാര്‍ഖണ്ഡിന് മുകളില്‍ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. കോമോറിൻ മേഖലക്ക് മുകളില്‍ ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അഞ്ച് ദിവസം കേരളത്തില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇത് പ്രകാരം ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ നിലവില്‍ പ്രത്യേക മുന്നറിയിപ്പ് ഒന്നും നല്‍കിയിട്ടില്ല.

22.09.2023: മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കേരള തീരത്ത് 22.09.2023 രാത്രി 11.30 വരെ 1.7 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തെക്കൻ തമിഴ്നാട് തീരത്ത് 22.09.2023 രാത്രി 11.30 വരെ 1.6 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

1. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.