12കാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു; 54കാരന് 109 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

Spread the love

സ്വന്തം ലേഖിക

മഞ്ചേരി: പന്ത്രണ്ടു വയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച 54കാരന് മഞ്ചേരി അതിവേഗ സ്‌പെഷല്‍ കോടതി (രണ്ട്) 109 വര്‍ഷം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

അരീക്കോട് കീഴുപറമ്പ് വാലില്ലാപുഴ കൊടവങ്ങാട് ആങ്ങാടൻ അബ്ദുള്‍ റഷീദിനെയാണ് ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായുള്ള തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഫലത്തില്‍ പ്രതി 30 വര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 ആഗസ്റ്റ് മുതല്‍ 2024 ജനുവരി വരെയുള്ള കാലയളവിലായിരുന്നു സംഭവം. ബാലികയെ പ്രലോഭിപ്പിച്ച്‌ കടയിലേക്കെന്നു വിശ്വസിപ്പിച്ച്‌ കൂട്ടിക്കൊണ്ടുപോയി നെല്ലിക്കുത്ത് അങ്കണവാടി പരിസരത്ത് വച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പിന്നീടും പീഡനം തുടര്‍ന്നു. ഇക്കാര്യം കുട്ടി പറഞ്ഞറിഞ്ഞ കൂട്ടുകാരി അദ്ധ്യാപികയെ അറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

ചൈല്‍ഡ് ലൈൻ വിവരമറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേരി പൊലീസ് കേസെടുത്തു. പ്രതിക്ക് രണ്ടു ഭാര്യമാരുണ്ട്.

പോക്‌സോ ആക്ടിലെ അഞ്ച്(എം), അഞ്ച്(എൻ), അഞ്ച്(എല്‍) എന്നീ മൂന്നു വകുപ്പുകളിലായി 30 വര്‍ഷം വീതം കഠിനതടവ്, 25000 രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴയടയ്ക്കാത്ത പക്ഷം ഓരോ വകുപ്പിലും നാലുമാസം വീതം അധികതടവനുഭവിക്കണം.

പോക്‌സോ ആക്ടിലെ ഒമ്ബത് (എം), ഒമ്ബത്(എൻ), ഒമ്ബത് (എല്‍) മൂന്നുവകുപ്പുകളിലായി ആറുവര്‍ഷം വീതം കഠിനതടവ്, 5000 രൂപ വീതം പിഴ, പിഴയടയ്ക്കാത്ത പക്ഷം ഓരോ വകുപ്പിലും ഓരോ മാസം വീതം തടവ്, കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ഐ.പി.സി 506 പ്രകാരം ഒരു വര്‍ഷത്തെ കഠിനതടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. പ്രതി പിഴയടച്ചാല്‍ തുക അതിജീവിതയ്ക്ക് നല്‍കണം. പ്രതിയെ തവനൂര്‍ സെൻട്രല്‍ ജയിലിലേക്കയച്ചു.