
സ്വന്തം ലേഖിക
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ കോട്ടയം ബസേലിയോസ് കോളേജ് കനത്ത സുരക്ഷയില്‍.
കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സിഎപിഎഫ് അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 12 അംഗ സായുധ പൊലീസ് ബറ്റാലിയനും കൗണ്ടിങ് സ്റ്റേഷന്റെ സുരക്ഷയ്ക്കായുണ്ടാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളി രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍. മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. 14 മേശകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ് വോട്ടുകളും എണ്ണും. മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തില്‍ ഉള്ളത്.
14 മേശകളിലായി 13 റൗണ്ടുകളായാണ് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടെണ്ണല്‍ നടക്കുക.ഒന്നുമുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക. ആദ്യ റൗണ്ടില്‍ ഒന്നു മുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും. തുടര്‍ന്ന് പതിനഞ്ചുമുതല്‍ 28 വരെയും.
ഇത്തരത്തില്‍ 13 റൗണ്ടുകളായി വോട്ടിങ് മെഷീനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും.ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു കൗണ്ടിങ് സൂപ്പര്‍ വൈസര്‍, രണ്ടു കൗണ്ടിങ്ങ് സ്റ്റാഫ് എന്നിവര്‍ ഉണ്ടാകും. ഇവരെ കൂടാതെ രണ്ട് മൈക്രോ ഒബ്സര്‍വര്‍മാരെ കൂടി നിയോഗിച്ചിട്ടുണ്ട്. 14 ടേബിളുകളിലായി ആകെ 44 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും.
80 വയസ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ തന്നെ വോട്ട് ചെയ്യാൻ അവസരമൊരുക്കിയതിലൂടെ 2491 പേര് വോട്ട് രേഖപ്പെടുത്തിയിരുന്നു. ഈ വോട്ടുകള്‍ അഞ്ച് മേശകളിലായാണ് എണ്ണുക.