
സ്വന്തം ലേഖകൻ
തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ നിന്നു കാണാതായ മൂന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മഹാരാഷ്ട്രയില്‍ കണ്ടെത്തി. ഒരേ സ്‌കൂളിലെ ഒൻപതാം ക്ലാസുകാരായ രണ്ടു പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയുമാണ് കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്നും കാണാതായത്. കുട്ടികളെ ഇന്നലെ വൈകിട്ട് മഹാരാഷ്ട്രയിലെ പൻവേലില്‍ കണ്ടെത്തുകയായിരുന്നു. സ്ഥലത്തെ മലയാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. ഇവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഉടൻ നാട്ടിലെത്തിക്കും.
ബുധനാഴ്ച വൈകിട്ട് സംശയകരമായ സാഹചര്യത്തില്‍ ട്രെയിനില്‍ കണ്ട കുട്ടികളെ മലയാളികളായ യാത്രക്കാര്‍ ശ്രദ്ധിച്ചിരുന്നു. ഇവരുടെ നിരീക്ഷണമാണ് കുട്ടികളെ കണ്ടെത്താൻ സഹായകമായത്. സ്‌കൂളിലേക്കു പോയ കുട്ടികള്‍ മടങ്ങിയെത്താത്തിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ടോടെയാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. കുട്ടികളില്‍ ഒരാള്‍ വീട്ടില്‍ നിന്നും പണമെടുത്തതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവരുടെ കൈവശം ഫോണുണ്ടായിരുന്നെങ്കിലും അത് സ്വിച്ച് ഓഫായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രെയിനില്‍ കയറിയ കുട്ടികള്‍ മുംബൈയിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നവരാണ് നാടുവിട്ട കുട്ടികളാണെന്ന സംശയത്തില്‍ ഇവരെ തടഞ്ഞുവച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൃശൂരില്‍നിന്ന് കാണാതായ കുട്ടികളാണ് ഇവരെന്ന് തിരിച്ചറിഞ്ഞു. കുട്ടികളെ എത്രയും വേഗം നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.