
മദ്യപിച്ച് ട്രെയിനില്‍ കയറി, പെണ്‍കുട്ടിയെ ശല്യം ചെയ്തു; മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി
സ്വന്തം ലേഖകൻ
കണ്ണൂര്‍: മദ്യലഹരിയില്‍ ട്രെയിനില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ 3 യുവാക്കളെ പൊലീസ് പിടികൂടി. ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂര്‍ ജില്ലയിലെ വളപട്ടണം റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് സംഭവം.നാഗര്‍കോവിലില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസ് ട്രെയിനിലാണ് യുവാക്കള്‍ പെണ്‍കുട്ടിയോട് മോശമായ രീതിയില്‍ പെരുമാറിയത്.ഫയാസ്, മുഹമ്മദ് ഷാഫി, അബ്ദുല്‍ വാഹിദ് എന്നിവരാണ് കേസിലെ പ്രതികള്‍.
ഇവര്‍ ട്രെയിനില്‍ വച്ച് ഉച്ചത്തില്‍ പാട്ടുപാടുകയായിരുന്നു. മദ്യപിച്ച് ബഹളം വയ്‌ക്കുന്നതിനെ ട്രെയിനിലെ യാത്രക്കാരിയായ യുവതി ചോദ്യം ചെയ്തു. ഇവരോട് യുവാക്കള്‍ അപമര്യാദയായി പെരുമാറിയത്. മാഹിയില്‍ നിന്നും ഏറനാട് എക്സ്പ്രസില്‍ കയറിയതാണ് പ്രതികളായ മൂന്ന് പേരും.കണ്ണൂരില്‍ ഇറങ്ങേണ്ട ഇവര്‍ വളപട്ടണം വരെ ട്രെയിനില്‍ ബഹളം തുടര്‍ന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ യാത്രക്കാര്‍ ചെയിൻ വലിച്ച് ട്രെയിൻ നിര്‍ത്തി. വളപട്ടണം പോലീസ് മൂന്ന് പ്രതികളെയും പിടികൂടി. പിന്നീട് ഇവരെ ആര്‍പിഎഫിന് കൈമാറി. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയ പെണ്‍കുട്ടി പൊലീസിന് രേഖാമൂലം പരാതി നല്‍കാൻ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് പൊതുസ്ഥലത്ത് മദ്യപിച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്ന കുറ്റം (ഐപിസി 118) മൂവര്‍ക്കുമെതിരെ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.