നാലുവയസുകാരനുമായി 50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ ചാടിയത് ജീവിതം അവസാനിപ്പിക്കാൻ; വിധി കവര്‍ന്നെടുത്തത് മകന്റെ മാത്രം ജീവൻ; ആറ്റിങ്ങലിലെ സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്
സ്വന്തം ലേഖിക
തിരുവനന്തപുരം: നാല് വയസുകാരനായ മകനെയും കൊണ്ട് തിരുവനന്തപുരം ആറ്റിങ്ങലില്‍ കിണറ്റില്‍ ചാടിയ സംഭവത്തില്‍ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു.
പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തത് ആറ്റിങ്ങല്‍ മാമം സ്വദേശി രമ്യയ്ക്കെതിരെയാണ്. രമ്യ കിണറ്റില്‍ ചാടിയത് നാല് വയസുകാരനായ മകൻ അഭിദേവുമായിട്ടാണ്. ഇരുവരെയും കിണറ്റില്‍ നിന്ന് പുറത്തെടുത്തെങ്കിലും അതിനോടകം കുട്ടി മരണപ്പെട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രമ്യയെ തലയ്ക്ക് ഗുരുതരമായി പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ 9 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. എട്ട് വയസുള്ള മൂത്ത കുട്ടിയേയും ഇളയ മകൻ അഭിദേവിനെയും കൊണ്ടാണ് രമ്യ ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടിലെ 50 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ചാടിയത്.
കുതറി മാറി രക്ഷപ്പെട്ടതിനാല്‍ മൂത്ത കുട്ടി കിണറ്റില്‍ വീണില്ല. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്സിനെ അറിയിച്ചു. അഗ്നിശമന സേനയെത്തിയാണ് രമ്യയെയും കുഞ്ഞിനെയും പുറത്തെടുത്തത്.
ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടിയെ രക്ഷിക്കാനായില്ല. മാമം സ്വദേശി രാജേഷിന്‍റെ ഭാര്യയാണ് രമ്യ. ഇരുവരും ആറ്റിങ്ങലില്‍ ഒരു വസ്ത്ര വ്യാപാര ശാലയിലെ ജീവനക്കാരായിരുന്നു.