play-sharp-fill
ഹരിതകേരളം മിഷൻ, തിരുവാർപ്പ് ഗ്രാമ പഞ്ചായത് വീണ്ടെടുത്തത് 2.44 ഹെക്ടർ തരിശു പാടശേഖരം

ഹരിതകേരളം മിഷൻ, തിരുവാർപ്പ് ഗ്രാമ പഞ്ചായത് വീണ്ടെടുത്തത് 2.44 ഹെക്ടർ തരിശു പാടശേഖരം

സ്വന്തംലേഖകൻ

കോട്ടയം : ഹരിതവിപ്ലവത്തിലേക്ക് ചുവടുവച്ച് തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി 2.44 ഹെക്ടര്‍ തരിശുപാടശേഖരമാണ് തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ വീണ്ടെടുത്തത്. കൂടാതെ പ്രളയത്തില്‍ ചെളിയും മാലിന്യങ്ങളും അടിഞ്ഞ പറക്കരി പള്ളിയാങ്കേരി പാടശേഖരം, ഒമ്പതിനായിരം പാടശേഖരം, കോതാടി കണ്ണങ്കേരി പാടശേഖരം , കൂവപ്പുറം പാടശേഖരം, തട്ടർകാട് പാടശേഖരം, കടിയകോല്‍ മുഠാവേലി പാടശേഖരം എന്നിവിടങ്ങള്‍ വൃത്തിയാക്കി കൃഷി പുന:സ്ഥാപിച്ചു. പിന്നെ പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തുകയും ചെയ്തു. തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ സഹായത്തോടെ പോളയും മാലിന്യങ്ങളും ചെളിയും അടിഞ്ഞു കിടന്ന പതിനൊന്നോളം തോടുകള്‍ വൃത്തിയാക്കി. പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി മാറന്‍വേലി മാമ്പിലമുട്ട് തോട്,ഇരുപത്തിയേഴില്‍ചിറ തോട്,ഇടക്കരിച്ചിറ തോട്,ശാസ്താംകടവ് തോട്,വെടിപ്പുരക്കല്‍ ആശാന്‍പാലം തോട്, നീലികാവ് തോട്, ചെറിയ വാഴ കുമ്പളങ്ങേരി തോട, മലരിക്കല്‍ ഇറമ്പം തോട് എന്നിവയാണ് വൃത്തിയാക്കി നീരൊഴുക്ക് പുന.സ്ഥാപിച്ചത്. അടുത്ത വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ആഴംകുട്ടി നവീകരിക്കുന്നതിന് 12 ഓളം തോടുകളുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്. 
മാലിന്യ ശേഖരണത്തിനായി പഞ്ചായത്തില്‍ ഹരിതകര്‍മ്മസേനയും സജ്ജമായി കഴിഞ്ഞു. മാലിന്യ സംസ്കരണത്തിന് പഞ്ചായത്തില്‍ നിലവില്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ ഏറ്റുമാനൂര്‍ ബ്ലോക്കിലെ പ്ലാസ്റ്റിക്ക് ഷ്രെഡിംഗ് യൂണിറ്റില്‍ സംസ്കരിക്കുന്നതിനായി കൈമാറാനാണ് തീരുമാനം. 
നിരവധി തോടുകളും പാടശേഖരങ്ങളും നിറഞ്ഞ തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് ഹരിതകേരളം മിഷന്റെ സഹായത്തോടെ സമ്പൂര്‍ണ ഹരിത സാക്ഷരത കൈവരിക്കാനുളള ഒരുക്കത്തിലാണ്.