സ്വന്തം ലേഖകൻ
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പീഡനത്തിന് ഇരയാകുന്ന കേസുകളില്‍ (പോക്സോ കേസ്) നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി.നഷ്ടപരിഹാരം നല്‍കാൻ വിക്ടിം കോമ്ബൻസേഷൻ ഫണ്ടില്‍ മതിയായ ഫണ്ട് ഉണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.നിലവിലെ അപേക്ഷകളില്‍ തുക വിതരണം ചെയ്യാൻ ആവശ്യമായ ഫണ്ട് ഉടൻ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.
ലൈംഗിക അതിക്രമം നേരിട്ട രണ്ടു കുട്ടികള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി എടുത്ത തീരുമാനം സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി അംഗീകരിക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്.ഹര്‍ജിക്കാരുടെ കേസില്‍ ഉടൻ തുക വിതരണം ചെയ്യാനും നിര്‍ദേശിച്ചു.ആറു കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാനുള്ളത് കണക്കാക്കിയാണ് നിര്‍ദേശം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഷ്ടപരിഹാരം നല്‍കാൻ സര്‍ക്കാര്‍ പ്രത്യേക സ്കീമിന് രൂപം നല്‍കുന്നതുവരെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി.പ്രത്യേക സ്കീമിന് രൂപം നല്‍കാൻ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.പോക്സോ കേസ് അടക്കമുള്ള ലൈംഗികാതിക്രമക്കേസില്‍ എഫ് ഐആര്‍ എടുത്താല്‍ ഉടൻ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ അറിയിക്കണം.
പൊലീസിന്റെ ഐടി സംവിധാനം ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ബന്ധിപ്പിക്കണം.ക്രമീകരണം നടപ്പാക്കിയെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ (കംപ്യൂട്ടറൈസേഷൻ), കെല്‍സ മെമ്ബര്‍ സെക്രട്ടറി എന്നിവര്‍ ഉറപ്പാക്കണം. ലൈംഗിക അതിക്രമക്കേസുകളില്‍ നഷ്ടപരിഹാരം ലഭിച്ചെന്ന് കെല്‍സ മെമ്ബര്‍ സെക്രട്ടറിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനും ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.