പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളുടെയും ആണ്‍കുട്ടികളുടെയും ലഹരി ഉപയോഗം; സ്കൂൾ വിദ്യാര്‍ത്ഥിയായ ബന്ധുവിന്‍റെ മകനെതിരെ നടപടിയെടുത്തു;  ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥന് സിപിഎം നേതാവിന്‍റെ വക തെറി അഭിഷേകവും, ഭീഷണിയും

Spread the love

സ്വന്തം ലേഖകൻ 

ആലപ്പുഴ: ബന്ധുവിന്‍റെ മകനെതിരെ നടപടിയെടുത്തതിന് പൊലീസ് ഉദ്യോഗസ്ഥന് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ വക തെറിവിളിയും ഭീഷണിയും. കഞ്ഞിക്കുഴി ലോക്കല്‍ സെക്രട്ടറി ഹെബിൻ ദാസാണ് ആലപ്പുഴ നര്‍ക്കോട്ടിക്സ് സെല്ലിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഷൈനിനെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞത്.

കഞ്ഞിക്കുഴിയില്‍ കാടുപിടിച്ച് കിടക്കുന്ന ഒറ്റപ്പെട്ട സ്ഥലത്ത് സ്കൂൾ വിദ്യാര്‍ഥികൾ പതിവായി വന്നു പോകുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇവിടെ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ആലപ്പുഴ എസ്പി യുടെ നര്‍കോട്ടിക്സ് സ്ക്വാഡിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഷൈന്‍ ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളും ആണ്‍കുട്ടികളും സംഘത്തിലുണ്ടായിരുന്നു. മാതാപിതാക്കളുടെ ഫോൺ നമ്പർ ശേഖരിച്ച്, ഉപദേശം നല്‍കിയ ശേഷം ആദ്യം പെണ്‍കുട്ടികളേയും പിന്നീട് ആണ്‍കുട്ടികളെയും വിട്ടയച്ചു.

വിട്ടയച്ച ആണ്‍കുട്ടികള്‍ തിരിച്ചെത്തി പൊലീസ് സംഘത്തെ അസഭ്യം പറഞ്ഞതോടെയാണ് സംഭവത്തിന് തുടക്കം. ഇവരെയും കൊണ്ട് സ്റ്റേഷനിലെത്തിയ പൊലീസ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ ആൺട്ടികളില്‍ ഒരാള്‍ കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഹെബിന് ദാസിന്റെ അടുത്ത ബന്ധുവിന്‍റെ മകനാണെന്ന് മനസ്സിലായി.

തുടർന്ന് ഇക്കാര്യം സംസാരിക്കാന്‍ ഷൈന്‍, ഹെബിന്‍ ദാസിനെ വിളിക്കുന്നതോടെയാണ് കേട്ടലാറക്കുന്ന ഭാഷയിൽ അസഭ്യവര്‍ഷം തുടങ്ങുന്നത്. ആവശ്യമില്ലാതെ ഇടപെട്ടാല്‍ വിവരമറിയുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. ടെലിഫോൺ സംഭാഷണംപുറത്ത് വന്നിട്ടും നിയമനടപടി സ്വീകരിക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.