
സ്വന്തം ലേഖിക
കോട്ടയം: പൊതുസ്ഥലങ്ങളിൽ തെരഞ്ഞെടുപ്പു പോസ്റ്ററുകളും മറ്റു പ്രചാരണഉപാധികളും പതിച്ചാൽ ഇവ നീക്കാനുള്ള ചെലവും സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു ചെലവു കണക്കിൽ പെടും.
ജില്ലാ തെരഞ്ഞെടുപ്പു ഓഫീസർ നിശ്ചയിച്ച പ്രകാരം പോസ്റ്ററുകൾ മറച്ചാൽ/നീക്കിയാൽ(ആന്റി ഡീഫേസ്‌മെന്റ്) ഒരെണ്ണത്തിന് മൂന്നു രൂപ വീതം സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു ചെലവ് കണക്കിൽ ഉൾപ്പെടുത്തും. പ്രചാരണബോർഡ് നീക്കാൻ ഒരെണ്ണത്തിന് 28 രൂപയാണ് ചെലവ്. ബാനർ നീക്കാൻ ഒെരണ്ണത്തിന് 11 രൂപയും തോരണം നീക്കാൻ മീറ്ററിനു മൂന്നുരൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആന്റി ഡീഫേസ്‌മെന്റ് സ്ക്വാഡ് ആണ് മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചു പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പ്രചാരണസാമഗ്രികൾ നീക്കുക. ഇതിനു ചെലവാകുന്ന തുക സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു ചെലവായി കണക്കാക്കും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ചെലവു നിരക്കു നിശ്ചയിക്കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന രാഷ്ട്രീയ കക്ഷി പ്രതിനിധി-ഉദ്യോഗസ്ഥ യോഗത്തിലാണ് നിരക്കുകൾ നിശ്ചയിച്ചത്.
ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്‌റ്റേഷൻ തുടങ്ങിയ പൊതുസ്ഥലങ്ങൾ, വൈദ്യുതി പോസ്റ്റുകൾ, സർക്കാർ മന്ദിരങ്ങൾ, ഓഫീസ് വളപ്പ് എന്നിവിടങ്ങളിൽ സ്ഥാനാർഥിയുടെ പ്രചാരണപരസ്യങ്ങൾ സ്ഥാപിക്കുന്നത് മാതൃകാപെരുമാറ്റച്ചട്ടലംഘനമായി കണക്കാക്കി ഇവ നീക്കം ചെയ്യുന്നതാണ്.
സ്വകാര്യവ്യക്തികളുടെ വസ്തുവിലും അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിക്കരുത്.
സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണ ചെലവു നിർണയിക്കാനായി 184 ഇനങ്ങൾക്കുള്ള നിരക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്.