
സ്വന്തം ലേഖകൻ
പാലക്കാട്: കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയുടെ കൈയിലുണ്ടായിരുന്ന വിലപിടിപ്പുള്ള പേന പോലീസ് ഉദ്യോഗസ്ഥന് കൈക്കലാക്കിയെന്ന പരാതിയില്‍ തൃത്താല ഇന്‍സ്പെക്ടര്‍ക്കെതിരെ വകുപ്പ് തല നടപടി വന്നേക്കുമെന്ന് റിപ്പോർട്ട്. പേനാ മോഷണത്തില്‍ എസ് എച്ച് ഒ വിജയകുമാറിനെതിരെ വകുപ്പുതല നടപടിക്ക് ജില്ലാ പൊലീസ് മേധാവി സോണല്‍ ഐജിക്ക് ശുപാര്‍ശ ചെയ്തു.
പൊലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കിയ മാങ്ങ മോഷണത്തിന്റെ അല ഒടുങ്ങും മുൻപേയാണ് പേന മോഷണത്തിന്റെ വിവരവും പുറത്ത് വരുന്നത്. കഴിഞ്ഞ ജൂണ്‍ 23 ന് കാപ്പ ചുമത്തുന്ന നടപടികള്‍ക്ക് വേണ്ടി തൃത്താല പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഞാങ്ങാട്ടിരിയിലെ സി.പി.എം. പ്രദേശിക നേതാവ് തടത്തിലകത്ത് ഫൈസലിന്റെ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള പേനയില്‍ ഒളിക്യാമറ ഉണ്ടോയെന്ന് പരിശോധിക്കാനായി ഇന്‍സ്പെക്ടര്‍ വിജയകുമാര്‍ പേന വാങ്ങിയെന്നും പിന്നീട് തിരിച്ച് നല്‍കിയില്ലെന്നുമാണ് പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദേശ നിര്‍മ്മിത മോണ്‍ ബ്ലാങ്ക് കമ്പനിയുടെ പേനയ്ക്ക് അറുപതിനായിരം രൂപ വില വരുമെന്നും പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഫൈസല്‍ മുഖ്യമന്ത്രിക്കും, വിജിലന്‍സിനും പരാതി നല്‍കിയിരുന്നു.
പരാതിയില്‍ ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. മോഷണം പുറത്തറിഞ്ഞതോട, പേന തിരിച്ചു നല്കി കേസൊഴിവാക്കാനുളള ശ്രമവും ചില ഉദ്യോഗസ്ഥര്‍ തുടങ്ങിയിട്ടുണ്ട്. നേരത്തെ, ഇതേ ഉദ്യോഗസ്ഥനെതിരെ പൊലീസിനകത്ത് നിന്നുള്‍പ്പെടെ നിരവധി ആരോപണങ്ങളുയര്‍ന്നിരുന്നു.