സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ മഴയ്ക്ക് സാധ്യത; ഒരു ജില്ലകളിലും പ്രത്യേക അലര്‍ട്ടുകള്‍ ഇല്ല; നാളെ വടക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ, മിതമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 17-08-2023 മുതല്‍ 21-8-2023 വരെ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക അലര്‍ട്ടുകള്‍ ഇല്ല. നിലവില്‍ ഹിമാലയൻ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന മണ്‍സൂണ്‍ പാത്തി ഓഗസ്റ്റ് പതിനെട്ടോടെ തെക്ക് ഭാഗത്തേക്ക്‌ മാറി സാധാരണ സ്ഥാനത്ത് എത്താനാണ് സാധ്യത. ഓഗസ്റ്റ് പതിനെട്ടോടെ വടക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് രാത്രി (17-08-2023) കേരള തീരത്ത് 11.30 വരെ 0.4 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. 17-08-2023 മുതല്‍ 19-08-2023 വരെ: തെക്കൻ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

17-08-2023 മുതല്‍ 18-08-2023 വരെ വടക്കൻ ആന്ധ്രാപ്രദേശ് തീരം അതിനോട് ചേര്‍ന്ന മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, വടക്ക്-പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന വടക്ക്-കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.മേല്‍പ്പറഞ്ഞ തിയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

കേരള തീരത്ത് 17-08-2023 (ഇന്ന്) രാത്രി 11.30 വരെ 0.4 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് 17-08-2023 (ഇന്ന്) രാത്രി 11.30 വരെ 0.4 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.