
സ്വന്തം ലേഖകൻ
സുല്‍ത്താന്‍ബത്തേരി: കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവ് വയനാട്ടില്‍ വില്‍പ്പന നടത്തുന്നതിനിടെ യുവാവ് (22) പിടിയിലായി. അരക്കിലോ കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്ന് എക്സൈസ് പിടിച്ചെടുത്തു. കല്‍പ്പറ്റ മുണ്ടേരി കോളനി സ്വദേശിയായ എം. അഭിലാഷ് ആണ് കര്‍ണാടക അതിര്‍ത്തിയായ പുല്‍പ്പള്ളി പെരിക്കല്ലൂര്‍ക്കടവ് ഭാഗത്ത് ചൊവ്വാഴ്ച രാത്രി എട്ടരയോടെ എക്‌സൈസ് നടത്തിയ പരിശോധനക്കിടെ പിടിയിലായത്.
കബനി പുഴ കടന്ന് കര്‍ണ്ണാടകയിലെ ബൈരക്കുപ്പ, മച്ചൂര്‍ ഭാഗങ്ങളില്‍ പോയി കഞ്ചാവ് വാങ്ങി ചെറിയ പൊതികളാക്കി സുഹൃത്തുക്കളോടൊപ്പം മുണ്ടേരി ടൗണിലും കോളനി പ്രദേശത്തും വില്‍പ്പന നടത്തുന്നയാളാണ് അഭിലാഷ് എന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയേയും തൊണ്ടിമുതലും ബത്തേരി റെയിഞ്ചില്‍ എത്തിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പുല്‍പ്പള്ളി പെരിക്കല്ലൂര്‍ക്കടവ്, മരക്കടവ് അതിര്‍ത്തി പ്രദേശങ്ങളില്‍ എക്‌സൈസിന്റെ ശക്തമായ പരിശോധനയാണ് നടക്കുന്നത്. പെരിക്കല്ലൂരില്‍ കേരള എക്‌സൈസ് മൊബെല്‍ ഇന്റര്‍ വെന്‍ഷന്‍ യൂണിറ്റ് ഉദ്യോഗസ്ഥരും ബത്തേരി റെയിഞ്ച് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിവരുന്നത്.