
സ്വന്തം ലേഖകൻ
ബെംഗളൂരു: 2024 ശിവരാത്രിക്ക് ശേഷം രാജ്യത്ത് ഭരണമാറ്റമുണ്ടാകുമെന്ന പ്രവചനവുമായി ജ്യോതിഷി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് വനിതാ പ്രധാനമന്ത്രിയുണ്ടാകുമെന്നും ജ്യോതിഷി പ്രവചിച്ചു.കര്‍ണാടകയിലെ തുമക്കൂരു തിപ്തൂര്‍ നൊവനിയക്കരെ ശനി ക്ഷേത്രത്തിലെ ഡോ. യശ്വന്ത് ഗുരുജിയാണ് പ്രവചനവുമായി രംഗത്തെത്തിയത്.
ജ്യോതിഷിയുടെ പ്രവചനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വൻഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഇദ്ദേഹം പ്രവചിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നും രാജ്യത്ത് കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്നും ഇദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2024 ഫെബ്രുവരിയിലെ ശിവരാത്രി മഹോത്സവത്തിനുശേഷം രാജ്യത്ത് നേതൃമാറ്റം ഉണ്ടാകും.ഇതിനു മുന്നോടിയായി തെരഞ്ഞെടുപ്പ് നടത്തിയാല്‍ നരേന്ദ്ര മോദി സര്‍ക്കാറിന് ഭരണം നിലനിര്‍ത്താമെന്നും നക്ഷത്രങ്ങളുടെ സ്ഥാനത്തിലുണ്ടാകുന്ന മാറ്റം കാരണമാണ് അധികാരമാറ്റം സംഭവിക്കുകയെന്നും ജ്യോതിഷി പ്രവചിച്ചു.ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, എഐസിസി മുൻ അധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരില്‍ ആരാകും പ്രധാനമന്ത്രി എന്നത് ഫെബ്രുവരിക്ക് ശേഷം പ്രവചിക്കും.
കര്‍ണാടക നിയമസഭയില്‍ വിജയപുരയിലെ ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാല്‍ പ്രതിപക്ഷ നേതാവാകുമെന്നും യശ്വന്ത് പ്രവചിച്ചു. 2024ലാണ് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുക. ഭരണകക്ഷിയായ എൻഡിഎക്കെതിരെ ഇന്ത്യ എന്ന സഖ്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചിരുന്നു.



