
അരനൂറ്റാണ്ടിനിടെ ഉമ്മന്‍ ചാണ്ടിയില്ലാതെ ഇന്ന് ആദ്യ നിയമസഭാ സമ്മേളനം; 19 ബില്ലുകള്‍ സെഷനില്‍ ചര്‍ച്ചയ്‌ക്ക്; ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ ഉറച്ച് പ്രതിപക്ഷം; മിത്ത് വിവാദം, ഗുണ്ടാ ആക്രമണങ്ങള്‍, ഏക വ്യക്തിനിയമം, മൈക്ക് വിവാദം തുടങ്ങി വിഷയങ്ങൾ ഏറെ…..
സ്വന്തം ലേഖിക
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ഒൻപതാം സമ്മേളനത്തിന് ഇന്ന് തുടക്കം.
12 ദിവസങ്ങളായാണ് ഇത്തവണത്തെ സെഷൻ. ഇന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രി വക്കം പുരുഷോത്തമൻ എന്നിവര്‍ക്ക് ചരമോപചാരം അര്‍പ്പിച്ച് സഭ പിരിയും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

53 വര്‍ഷത്തിനിടെ ഉമ്മൻചാണ്ടിയുടെ സാന്നിദ്ധ്യമില്ലാത്ത ആദ്യ നിയമസഭാ സമ്മേളനമാണ് ഇന്ന് ആരംഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കര്‍ എ.എൻ ഷംസീര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, വിവിധ കക്ഷിനേതാക്കള്‍ എന്നിവര്‍ ചരമോപചാരം അര്‍പ്പിക്കും.
വിവിധ രാഷ്‌ട്രീയ വിവാദങ്ങള്‍ കേരളപൊതുസമൂഹത്തില്‍ കത്തിനില്‍ക്കെയാണ് ഇത്തവണത്തെ സമ്മേളനം എന്ന പ്രത്യേകതയുണ്ട്. സ്‌പീക്കര്‍ തന്നെ വിവാദത്തില്‍ പെട്ട മിത്ത് വിവാദം, സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങള്‍, ഏക വ്യക്തിനിയമം, മൈക്ക് വിവാദം, സംസ്ഥാനത്തെ കനത്ത സാമ്പത്തിക പ്രതിസന്ധി, മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ പ്രതിപക്ഷം സഭയിലുന്നയിച്ച് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുമെന്നാണ് സൂചനകള്‍.
സംസ്ഥാനത്ത് ചര്‍ച്ചയായ വിവിധ വിവാദങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സഭയില്‍ പ്രതികരിക്കുമോ എന്നതും ഉറ്റുനോക്കുന്നുണ്ട്. കൊവിഡിന് മുൻപ് ചോദ്യോത്തരവേള പകര്‍ത്താൻ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയിരുന്ന സൗകര്യം ഇത്തവണ പുന:സ്ഥാപിക്കുമോ എന്നതും അറിയേണ്ടതുണ്ട്.
പ്രതിപക്ഷ നിരയില്‍ മുൻനിരയിലായിരുന്ന ഉമ്മൻചാണ്ടിയുടെ ഇരിപ്പിടം മാറ്റി സീറ്റുകള്‍ പുന:ക്രമീകരിക്കും. 19 ബില്ലുകളാണ് ഈ സെഷനിലെ മുഖ്യ അജണ്ട.