
സ്വന്തം ലേഖകൻ
ഹരിപ്പാട്: യുവാവിനെ കായലില്‍ വീണ് കാണാതെയായി. ആറാട്ടുപുഴ കള്ളിക്കാട് വെട്ടത്തു കടവ് ഷിജു ഭവനത്തില്‍ ഷിബുവിന്റെ മകന്‍ ഷിബിനെയാണ് (21) കാണാതായത്. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട കള്ളിക്കാട് പുല്ലുകാട്ടില്‍ കിഴക്കതില്‍ മധുവിന്റെ മകന്‍ മഹേഷിനെ (20) ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകുന്നേരം ആറരയോടെ വെട്ടത്ത് കടവ് കിഴക്കേക്കര ജെട്ടിക്ക് സമീപം വടക്കുഭാഗത്താണ് സംഭവം. സുഹൃത്തുക്കളോടൊപ്പം വള്ളത്തിൽ യാത്ര ചെയ്യവേ കാൽ വഴുതി വീണാണ് അപകടം സംഭവിച്ചത്. എന്‍ടിപിസിയുടെ സോളാര്‍ പാനല്‍ കാണാന്‍ വേണ്ടിയാണ് പടിഞ്ഞാറേക്കരയില്‍ നിന്നും സംഘം സ്ഥലത്തെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ണെടുത്തതിനെ തുടര്‍ന്ന് ആഴം ഏറെയുള്ള ഭാഗത്താണ് അപകടമുണ്ടായത്. ഷിബിന്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപ്പെടുത്താനായി ചാടിയ മഹേഷും വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു.
സുഹൃത്തുക്കളുടെ നിലവിളി കേട്ട് തൊട്ടടുത്ത് മത്സ്യബന്ധനം നടത്തിയിരുന്ന റെജ എന്നയാളാണ് മഹേഷിനെ രക്ഷപ്പെടുത്തിയത്. വെള്ളത്തില്‍ താഴ്ന്നു പോയതിനാല്‍ ഷിബിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. കായംകുളം, ഹരിപ്പാട് എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും രാത്രി ഒമ്പത് മണി വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച സ്‌ക്യൂബാ ടീമും തെരച്ചിലില്‍ പങ്കു ചേരും.