കോട്ടയം വടവാതൂരിൽ ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ പിതാവിനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; മകന്റെ വേർപാടിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സൂചന; ജോയിയുടെ നില അതീവ ഗുരുതരം

Spread the love

സ്വന്തം ലേഖകൻ

വടവാതൂർ :സ്വകാര്യ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവ് തൽക്ഷണം മരിച്ചതിനു പിന്നാലെ യുവാവിന്റെ പിതാവിനെ വിഷം കഴിച്ച നിലിയിൽ കണ്ടെത്തി.

മകന്റെ മരണത്തിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് സൂചന. പാമ്പാടി മീനടം പാടത്ത്പറമ്പിൽ ചെറിയാന്റെ മകൻ ഷിന്റോ ചെറിയാൻ (24) ആണ് വാഹനാപകടത്തിൽ മരിച്ചത്. മകന്റെ മരണത്തിൽ മനംനൊന്ത അച്ഛൻ ചെറിയാനെ (ജോയി) വെള്ളിയാഴ്ച രാത്രി 8.30-തോടെയാണ് വിഷം ഉള്ളിൽച്ചെന്ന നിലയിൽ വീട്ടുകാർ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹം പാമ്പാടിയിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. അവശനിലയിലായ ജോയിയെ പാമ്പാടി താലൂക്ക് ആശുപത്രിയിലും അവിടന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജോയിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കോട്ടയം-കുമളി ദേശീയപാതയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കോട്ടയത്തുനിന്ന് മുണ്ടക്കയത്തിന് പോകുകയായിരുന്ന ഷാജീസ് ബസാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിൽനിന്നെത്തിയ ബൈക്ക് ബസിനിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ, പരിക്കേറ്റ ഷിന്റോയെ വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോട്ടയം ഈസ്റ്റ് പോലീസും മണർകാട് പോലീസുമെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. അപകടത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു.

അമ്മ: പരേതയായ കുഞ്ഞുമോൾ. സഹോദരൻ: സിജോ. ഷിന്റോയുടെ സംസ്കാരം ശനിയാഴ്ച മൂന്നിന് മീനടം സെയ്‌ന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.