
സ്വന്തം ലേഖകൻ
ഗാന്ധിനഗർ: ബൈക്ക് യാത്രക്കാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി അറസ്റ്റിൽ. ഓണംതുരുത്ത് നീണ്ടൂർ ഭാഗത്ത് നെടുംപുറത്ത് വീട്ടിൽ അനു എന്ന് വിളിക്കുന്ന ശരത് (34) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തും ചേർന്ന് കഴിഞ്ഞ മാസം ഒമ്പതാം തീയതി വൈകിട്ട് 7:30 മണിയോടെ കൈപ്പുഴ പള്ളിക്ക് സമീപമുള്ള റോഡിൽ വച്ച് ബൈക്കിൽ യാത്ര ചെയ്തു വന്ന സഹോദരങ്ങളായ യുവാക്കളെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും, കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൈക്കിൽ യാത്ര ചെയ്തു വന്ന സഹോദരങ്ങളെ തടഞ്ഞുനിർത്തി ഇവരോട് ബാറിൽ പോകുന്നതിന് ബൈക്ക് ആവശ്യപ്പെടുകയും ഇവർ ഇത് കൊടുക്കാത്തതിലുള്ള വിരോധം മൂലം ഇരുവരും ചേർന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ഒളിവിൽ പോവുകയും ചെയ്തു.
പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശക്തമായ തിരച്ചിലിനൊടുവിൽ ഈ കേസിലെ മറ്റൊരു പ്രതിയായ നീണ്ടൂർ സ്വദേശി ശിവസൈജുവിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
തുടർന്ന് ഇയാൾക്ക് വേണ്ടിയുള്ള ശക്തമായ തിരച്ചിലിനൊടുവിലാണ് ശരത്തിനെ അന്വേഷണസംഘം പിടികൂടുന്നത്. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി കെ, എസ്.ഐ മനോജ് പി. പി, സി.പി.ഓ മാരായ പ്രേംകുമാർ, വിജയലാൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഇയാൾ ഏറ്റുമാനൂർ, ഗാന്ധി നഗർ എന്നീ സ്റ്റേഷനുകളിൽ കഞ്ചാവ്, മോഷണം, വധശ്രമം തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി.